കണ്ണൂർ : കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം.കക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർത്തു.മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയാണ് കക്കാട് എന്നും കോൺഗ്രസിന്റെ അറിവോടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്നും സിപിഎം നേതാക്കൾ ആരോപിച്ചു. ആക്രമണമുണ്ടായ വിവരം പുറത്തറിഞ്ഞത് പുലർച്ചെയാണ്. വിവരമറിഞ്ഞ നേതാക്കൾ ഓഫീസിലെത്തി പരിശോധന നടത്തി. ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രാദേശിക നേതാക്കളും സംഭവ സ്ഥലത്തെത്തിയിരുന്നു. കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് തീരുമാനമെന്നും എം.വി. ജയരാജൻ പ്രതികരിച്ചു.
കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് സിപിഎം പാർട്ടി ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു.വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസ് തീഇടുകയായിരുന്നു.ഇന്നലെ രാത്രിയാണ് സംഭവം .ഓഫീസിലെ ഫർണീച്ചറുകളും മറ്റ് ഫയലുകളും കത്തി നശിച്ചു .സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.അതേസമയം സംഭവത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. വഴിയാത്രക്കാരാണ് ഓഫീസിൽ തീയിട്ട വിവരം പോലീസിനെ അറിയിച്ചത്.തുടർന്ന് പോലീസ് എത്തി തീ അണയ്‌ക്കുകയായിരുന്നു.സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായതോടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി അക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിന്റെ പേരിൽ കെപിസിസി ആസ്ഥാനത്തിന് നേർക്കും കല്ലേറ് നടത്തിയിരുന്നു. കോഴിക്കോട് ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് വാല്യക്കോട് സംഭവമെന്നാണ് വിലയിരുത്തൽ.
















Comments