പ്യോംങ്യാംഗ് : കൊറോണയ്‌ക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി മറ്റൊരു രോഗം വ്യാപിക്കുന്നു. കുടലിനെ ബാധിക്കുന്ന രോഗമാണ് രാജ്യത്ത് പടരുന്നത്. കർഷക മേഖലകളിലാണ് രോഗം കൂടുതൽ സ്ഥിരീകരിക്കുന്നത്.രോഗവ്യാപന സാധ്യത കണക്കിലെടുത്ത് രോഗലക്ഷണങ്ങൾ ഉള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റാനുള്ള നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ട് .രോഗം ക്രമാതീതമായി ഉയർന്ന തുറമുഖ നഗരമായ ഹേജുവിലേക്ക് ഉടൻ മരുന്നുകൾ എത്തിക്കാൻ ഭരണാധികാരിയായ കിം ജോങ് ഉൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നാണ് സൂചന.
വ്യാഴാഴ്ച മാത്രം ഉത്തര കൊറിയയിൽ 26,010 പേർക്ക് പനി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ അവസാനം മുതൽ രാജ്യത്ത് പനി ബാധിച്ചവരുടെ എണ്ണം 4.56 ദശലക്ഷത്തോളമായി . 73 പേർ പനി ബാധിച്ചു മരിച്ചു.സാംക്രമീക രോഗനിർണയത്തിനുളള ശാസ്ത്രീയ പരിശോധനയിലൂടെയാണ് കേസുകൾ സ്ഥിരീകരിക്കുന്നത്.കുടലിനെ ബാധിക്കുന്ന ഈ രോഗം കോളറയോ , ടൈഫോയിഡോ ആണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.
കൊറോണ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് ജലജന്യ രോഗങ്ങൾ വ്യാപകമായിരുന്നു. കുടല്‍ രോഗങ്ങള്‍ ഉത്തര കൊറിയയില്‍ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായിട്ടല്ല.എന്നാൽ കൊറോണ രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ പുതിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഉത്തര കൊറിയയുടെ പ്രധാന കാർഷിക മേഖലയാണ് ഹേജു.ഈ മേഖലയിലെ രോഗവ്യാപനം രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ് .വിളകളിലൂടെ അണുബാധ പടരാനുള്ള സാധ്യത കുറവണെങ്കിലും ജലത്തിലൂടെ പകരാൻ സാധ്യതയുണ്ട്.
ജലവിതരണ സ്രോതസ്സുകളെ അണുവിമുക്തമാക്കുക എന്നതാണ് പ്രധാനം എന്ന് അധികൃതർ വ്യക്തമാക്കി.
Comments