ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി രാഹുൽ ഗാന്ധി. മാതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ സാവകാശം തേടിയത്. അതേസമയം ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ കത്തിനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികരിച്ചിട്ടില്ല.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാനാണ് അദ്ദേഹത്തിന് ഇഡി നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം തിങ്കളാഴ്ച ഹാജരാകാമെന്നാണ് ഇഡിയെ രാഹുൽ അറിയിച്ചിരിക്കുന്നത്. കൊറോണാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സോണിയാ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. സോണിയയെ പരിചരിക്കേണ്ടതിനാൽ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് രാഹുൽ പറയുന്നത്. ഡൽഹിയിലെ സിർ ഗംഗാ റാം ആശുപത്രിയിലാണ് സോണിയാ ഗാന്ധി ചികിത്സയിൽ കഴിയുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തുവരികയാണ്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആയിരുന്നു അദ്ദേഹത്തിൽ നിന്നും അന്വേഷണ സംഘം വിശദാംശങ്ങൾ തേടിയത്. ഈ മൊഴികൾ പരിശോധിച്ച ശേഷം വെള്ളിയാഴ്ച ഹാജരാകാൻ രാഹുലിനോട് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇഡി ഓഫീസിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സംഘടിച്ചിരുന്നു.
Comments