പലി: വിചിത്ര നിയമവുമായി രാജസ്ഥാനിലെ ഒരു സമുദായം. താടിവെച്ചാൽ ഇനി വിവാഹം കഴിപ്പിക്കില്ല എന്നാണ് രാജസ്ഥാനിലെ പലി ഗ്രാമത്തിലെ കുമാവത് സമുദായം തീരമാനമെടുത്തിരിക്കുന്നത്. യുവാക്കൾ എല്ലാം ഫാഷൻ എന്ന പേരിൽ താടി നീട്ടിയതാണ് സമുദയാത്തിന് ദഹിക്കാതെ വന്നത്. പിന്നാലെ യുവാക്കൾ താടി വടിക്കുവാനായി സമുദായം നിയമം കർശനമാക്കുകയായിരുന്നു. താടിയും വെച്ച് കല്യാണ മണ്ഡപത്തിലെത്തിയാൽ വിവാഹം കഴിപ്പിച്ച് നൽകില്ല എന്ന് രാജസ്ഥാനിലെ പത്തൊമ്പതോളം ഗ്രാമത്തിൽ കുമാവത് സമുദായം തീരുമാനം എടുത്തത് ഇപ്പോൾ സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.
ഫാഷൻ മോശമല്ല എന്നാൽ ഫാഷന്റെ പേരിൽ താടി വെച്ച് കല്ല്യാണ മണ്ഡപ്പത്തിൽ എത്താൻ അനുവദിക്കില്ലെന്നും, അഥവാ അത്തരത്തിൽ വന്നാൽ കല്ല്യാണം നടത്തി തരാൻ കഴിയില്ലെന്നുമാണ് കുമാവത് സമുദായം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇതോടൊപ്പം, വിവാഹ ചിലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കല്ല്യാണ ചടങ്ങുകൾ ലളിതമാക്കാനും പത്തൊമ്പതോളം ഗ്രാമങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കല്ല്യാണത്തിന്റെ ഭാഗമായി ഡിജെ നടത്തുന്നതും സമുദായം വിലക്കിയിട്ടുണ്ട്.
വിവാഹ ചടങ്ങുകളിൽ കറുപ്പ് വസ്ത്രം ധരിക്കാൻ പാടില്ല. അധികപണം ചിലവഴിച്ചുള്ള ഫോട്ടോഷൂട്ടുകളും ഹൽദി ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനായി വസ്ത്രങ്ങൾക്കും അലങ്കാരങ്ങൾക്കും പണം ചിലവഴിച്ചാൽ പിഴ ചുമത്തുമെന്നും സമുദായം പ്രസ്താവനയിൽ പറയുന്നു. പലിയിൽ താമസിക്കുന്നവർ മാത്രമല്ല പലി ജില്ലയിലെ എല്ലാവരും നിയമങ്ങൾ പാലിക്കണമെന്നും നിർദ്ദേശം നൽകുന്നു. കുമാവത് സമുദായത്തിലെ 19 ഗ്രാമങ്ങളിൽ നിന്നുള്ള 20,000-ത്തോളം ആളുകൾ ഗുജറാത്ത്, മഹാരാഷ്‌ട്ര, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. അവർ താമസിക്കുന്ന നഗരങ്ങളിൽ ആചാരങ്ങൾ നടത്തിയാലും ഈ നിയമങ്ങൾ പാലിക്കേണ്ടിവരുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
Comments