മറ്റു ജീവികളെപ്പോലെയല്ല നിരവധി വികാരങ്ങൾക്കുടമയാണ് മനുഷ്യൻ.സങ്കടം,ദേഷ്യം,സന്തോഷം,വെറുപ്പ്,പുച്ഛം,സ്‌നേഹം എന്നിങ്ങനെ നിരവധി വികാരങ്ങളിലൂടെ കടന്ന് പോയാണ് മനുഷ്യൻ തന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത്.
സങ്കടം വന്നാൽ കരഞ്ഞും സന്തോഷം വന്നാൽ ചിരിച്ചും ജീവിയ്‌ക്കുന്ന മനുഷ്യൻ എല്ലായിപ്പോഴും പ്രാർത്ഥിയ്‌ക്കുന്നത് കരയാനുള്ള സന്ദർഭം ജീവിതത്തിൽ ഉണ്ടാവരുതേ എന്നായിരിക്കും. എന്നാൽ ആഷ്‌ലി പെൽഡൺ എന്ന യുവതിയുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്ന് വന്നത് കരച്ചിലിന്റെ രൂപത്തിലാണ്. ചെറിയ കരച്ചിലൊന്നുമല്ല നല്ല അസ്സൽ അലറിക്കരച്ചിൽ. തന്റെ കരച്ചിൽ വരുമാനമാക്കി യുവതി സമ്പാദിക്കുന്നതാകട്ടെ ലക്ഷങ്ങളും. എങ്ങനെയാണ് ആഷ്‌ലി ഇങ്ങനെ തന്റെ കരച്ചിൽ പണമാക്കി മാറ്റുന്നതല്ലേ?
ആഷ്‌ലി ഒരു സ്‌ക്രീമിംഗ് ആർട്ടിസ്റ്റാണ് ഈ ഡബ്ബിംഗ് ആർട്ടിസ്റ്റുകളെ പോലെ ശബ്ദമാണ് ആഷ്‌ലിയുടേയും വജ്രായുധം. സിനിമയിലും സീരിയലിലും അലറുന്നതാണ് അവളുടെ ജോലി.ഇങ്ങനെ അലറി വിളിച്ചാണ് അവൾ പണം സമ്പാദിക്കുന്നത്.
മണിക്കൂറുകളോളം ഇങ്ങനെ അലറിക്കരയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സന്ദർഭത്തിനനുസരിച്ച്, നിലവിളിയിൽ ഏറ്റക്കുറച്ചിലും, ഉയർച്ച താഴ്ചകളും കൊണ്ട് വരണം എന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ വെല്ലുവിളി. ആഷ്ലിയുടെ പല രീതിയിലുള്ള നിലവിളികൾ റെക്കോർഡ് ചെയ്ത് സിനിമകളിലും ടിവി ഷോകളിലും ഉപയോഗിക്കുന്നു. പ്രേതത്തെ കണ്ട് പേടിച്ച് കരയുന്നതും, സങ്കടം സഹിക്ക വയ്യാതെ പൊട്ടി കരയുന്നതും എല്ലാം വളരെ മനോഹരമായാണ് ആഷ്‌ലി ചെയ്യുന്നത്.
വളരെ ചെറുപ്പത്തിൽ തന്നെ തന്റെ ഈ അലറിക്കരയാനുള്ള കഴിവ് കണ്ടെത്തിയതാണ് ആഷ്‌ലിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഏഴ് വയസ്സുള്ളപ്പോൾ, ‘ചൈൽഡ് ഓഫ് ആംഗർ’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. കുട്ടിക്കാലത്ത് പീഡനത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ കഥയായിരുന്നു അത്. സ്വാഭാവികമായും നിലവിളിക്കേണ്ട രംഗങ്ങൾ നിരവധി അതിലുണ്ടായിരുന്നു. അതായിരുന്നു ഇപ്പോഴത്തെ ജോലിയിലേക്ക് ആഷ്‌ലിയെ എത്തിച്ചത്. സിനിമ ഇറങ്ങിയതോടെ ആഷ്‌ലിയ്‌ക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. എന്നാൽ പതിയെ ആഷ്‌ലിയ്‌ക്ക് അഭിനയത്തിൽ മടുപ്പ് തോന്നി. അഭിനയം വിട്ട് സിനിമയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ജോലി ചെയ്യാൻ അവൾ ആഗ്രഹിച്ചു. അങ്ങനെയാണ് ആഷ്‌ലി ഡബ്ബിംഗ് രംഗത്തേയ്‌ക്ക് കടക്കുന്നതതും സ്‌ക്രീമിംഗ് ആർട്ടിസ്റ്റായി മാറിയതും. ജോലിയോടുള്ള ഇഷ്ടക്കൂടുതൽ കാരണം ചില ദിവസങ്ങളിൽ എട്ട് മണിക്കൂർ വരെ ആഷ്‌ലി ഇങ്ങനെ അലറിക്കരയുന്നു.
Comments