ബംഗളൂരു : ജയിലിൽ കിടക്കുന്ന മകന് ലഹരിമരുന്ന് എത്തിച്ച് നൽകിയ അമ്മ അറസ്റ്റിൽ. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് സംഭവം. പിടിച്ചുപറി കേസിൽ ജയിലിലുള്ള മുഹമ്മദ് ബിലാലിനാണ് ശിക്കാരിപാളയ സ്വദേശിനി പ്രവീൺ താജ് ലഹരി എത്തിച്ച് നൽകിയത്.
വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് ഒളിപ്പിച്ചത്. 200 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പരിശോധനയിൽ പിടിച്ചെടുത്തു. എന്നാൽ മകന്റെ സഞ്ചിയിൽ ലഹരിമരുന്ന് ഉണ്ടായ കാര്യം അറിഞ്ഞില്ലെന്നും, അത് മകന്റെ കൂട്ടുകാർ നൽകിയ സഞ്ചിയാണെന്നും അമ്മ പോലീസിന് മൊഴി നൽകി. പിടിയിലായ അമ്മയെ പരപ്പന അഗ്രഹാര പോലീസിന് കൈമാറി.
ജയിലിൽ നിന്ന് ആരുടെയോ ഫോണിൽ നിന്നും സുഹൃത്തുക്കളെ വിളിച്ച ബിലാൽ സഞ്ചിയിൽ വസ്ത്രങ്ങൾ കൊടുത്തുവിടാൻ ആവശ്യപ്പെട്ടിരുന്നതായി അമ്മ പറഞ്ഞു. സഞ്ചിയിൽ ലഹരിമരുന്ന് ഉള്ളകാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ നിർദ്ദേശം അനുസരിക്കുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മുഹമ്മദ് ബിലാൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളല്ലെന്നും, ഇത് ജയിലിൽ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത് എന്നും പോലീസ് പറഞ്ഞു.
Comments