ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനായി കേന്ദ്രം പുറത്തിറക്കിയ അഗ്നിവീർ പദ്ധതിയെ പ്രശംസിച്ച് മുൻ ചീഫ് ആർമി സ്റ്റാഫ് ജനറൽ ജെജെ സിംഗ്. നാല് വർഷത്തെ പരിശീലനത്തിനും രാജ്യസേവനത്തിനും ശേഷം പുറത്തിറങ്ങുമ്പോൾ യുവാക്കൾക്ക് കായിക-സാമ്പത്തിക സ്ഥിരത കൈവന്നിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആർക്കും തെരുവിൽ അലയേണ്ട ഗതികേട് വരില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രതിപക്ഷ പാർട്ടികൾ ഇതിനെ രാഷ്‌ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പലർക്കും ഈ പദ്ധതിയുടെ വിശദമായ വിവരങ്ങൾ അറിയില്ല. രാജ്യത്തെ യുവാക്കളെ തൊഴിൽരഹിതരാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാല് വർഷത്തെ പരിശീലനത്തിന് ശേഷം 25 ശതമാനം യുവാക്കളെ സൈന്യത്തിൽ തുടരാൻ അനുവദിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് മുപ്പതായി വർദ്ധിക്കാം. പദ്ധതിയിൽ വ്യത്യാസങ്ങൾ വരുത്തുന്ന കാര്യം പ്രതിരോധ മന്ത്രാലയത്തിന്റെ ആലോചനയിലുണ്ട്. ഇത് കൂടാതെ നാല് വർഷം കഴിഞ്ഞ് പുറത്തിറങ്ങുന്നവർ ചെറിയ പ്രായത്തിൽ തന്നെ സാമ്പത്തിക സ്ഥിരത കൈവരിച്ചിട്ടുണ്ടാകും. നാല് വർഷത്തെ സേവനത്തിന് ശേഷം ഉദ്യോഗസ്ഥർക്ക് സർക്കാർ 12 ലക്ഷം രൂപ നൽകും. ഇത് കൂടാതെ ഇവരുടെ എല്ലാ ചെലവുകളും നടത്തുക സർക്കാരായിരിക്കും. അതുകൊണ്ട് തന്നെ നാല് വർഷം കൊണ്ട് 24 ലക്ഷത്തോളം രൂപ സമ്പാദിക്കാൻ ഓരോരുത്തർക്കും സാധിക്കുമെന്ന് മുൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
സൈനികർക്ക് ലോൺ ലഭിക്കാനുള്ള സാധ്യതകളും ഏറെയാണെന്നും ഇത്രയധികം ആനുകൂല്യങ്ങൾ ഏത് ജോലി ചെയ്താലാണ് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. സൈനിക പരിശീലനം നേടിയവരെ തെരുവിൽ അലയാൻ സർക്കാർ ഒരിക്കലും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
















Comments