യുവാക്കൾക്ക് ശോഭനീയമായ ഒരു ഭാവി വാഗ്ദാനം ചെയ്യുകയും രാജ്യത്തിന്റെ സൈനിക ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യ വ്യാപകമായി കലാപം അഴിച്ചുവിടുന്നവർ വിദ്യാർത്ഥികളോ അതോ ഭീകരവാദികളോ എന്ന് സംശയിക്കുന്നതിൽ തെറ്റ് പറയാൻ സാധിക്കില്ല. തങ്ങൾക്ക് ജോലി നഷ്ടമാകുന്നു എന്ന് പറഞ്ഞ് തെരുവിൽ അക്രമം അഴിച്ചുവിടുന്നവർ ഒരിക്കലും സൈന്യത്തിന്റെ ഭാഗമാകാൻ പ്രാപ്തരല്ല എന്നുവണം പറയാൻ. രാജ്യത്തോട് സ്നേഹവും ആദരവുമുള്ളവർക്ക് ഒരിക്കലും രാജ്യദ്രോഹികളാകാനോ രാജ്യത്തിന്റെ പൊതുമുതൽ നശിപ്പിക്കാനോ രാജ്യത്തെ അതിലൂടെ തരംതാഴ്‌ത്തി കെട്ടുവാനോ സാധിക്കില്ല. എന്നാൽ ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന കലാപ ശ്രമങ്ങൾ ഒരുപറ്റം യുവാക്കളുടെ ആശങ്കയാണ് എന്ന് വിശ്വസിക്കാൻ കഴിയില്ല.
കലാപത്തിന് പിന്നിൽ രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗൂഢ ശക്തികളുടെ തീവ്ര ശ്രമമുണ്ട്. ഭാരതത്തെ കലാപ കലുഷിതമാക്കി ജനങ്ങളെ രാജ്യത്തിനും സർക്കാരിനും നേരെ തിരിക്കാനുള്ള ആസൂത്രിത നീക്കത്തിൽ രാജ്യത്തെ ഒരുപറ്റം യുവാക്കളും വലയിൽ കുരുങ്ങുന്നു എന്നതാണ് യാഥാർത്ഥ്യം. അതിലൂടെ ഇല്ലാതാക്കുന്നതാവട്ടെ അവരുടെ തന്നെ ഭാവിയും. രാജ്യത്ത് പ്രതിഷേധിക്കാനുളള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ കലാപം നടത്തി രാജ്യത്തിന്റെ ഇടനെഞ്ചിൽ ആണി അടിക്കാനുള്ള ശ്രമങ്ങൾ വെച്ച് പൊറുപ്പിക്കുവാൻ കഴിയില്ല.
എന്താണ് പ്രതിഷേധമെന്ന പേരിൽ രാജ്യത്തുടനീളം നടക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ബീഹാറിലും ഹരിയാനയിലും യുപിയിലുമടക്കം നടക്കുന്ന കലാപങ്ങളെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധമെന്ന നിലയ്‌ക്ക് നിസ്സാരവൽക്കരിക്കാൻ കഴിയുന്ന ഒന്നല്ല. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേയ്‌ക്കും കലാപം വ്യാപിപ്പിക്കാനുള്ള ഗൂഢശ്രമം നടക്കുന്നുണ്ട്. കേരളത്തിന്റെ തെരുവുകളിലും പ്രതിഷേധമെന്ന പേരിൽ രാജ്യത്തെനെതിരായും സർക്കാരിനെതിരായും യുവാക്കളെയും ഉദ്യോഗാർത്ഥികളെയും മുൻനിരയിൽ നിർത്തി കലാപം അഴിച്ചുവിടാനുള്ള രാജ്യദ്രോഹ കരങ്ങളുടെ ശ്രമം തകൃതിയായി നടക്കുകയാണ്. രാജ്യത്താകമാനം വ്യാപകമായ നാശനഷ്ടങ്ങളാണ് കലാപകാരികൾ ഉണ്ടാക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്ന ഇവർ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. റോഡുകളിലെ വാഹനങ്ങൾ തകർക്കുന്നു, ട്രെയിനുകൾക്ക് കല്ലെറിയുകയും വ്യാപകമായി തീ വെയ്‌ക്കുകയും ചെയ്യുന്നു. റെയിൽവെ പാളങ്ങൾ കുത്തി പൊളിക്കുന്നു, കടകളും കെട്ടിടങ്ങളും തല്ലി തകർക്കുന്നു,സർക്കാർ ഓഫീസുകൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നു, ജനപ്രതിനിധികളെ കയ്യേറ്റം ചെയ്യുന്നു, ബിജെപി ഓഫീസുകൾ അഗ്നിക്കിരയാക്കുന്നു, തെരുവിൽ ജനങ്ങളെ കയ്യേറ്റം ചെയ്യുന്നു. ഇതൊക്കെ വിദ്യാർത്ഥികളുടെ ചെറിയ പ്രതിഷേധമല്ലേ എന്ന നിലയിൽ കണ്ണടച്ച് ഇരുട്ടാക്കാൻ രാജ്യദ്രോഹികൾക്ക് മാത്രമാണ് സാധിക്കുക.
കലാപങ്ങളുടെ മറവിൽ വലിയ കൊള്ളയും രാജ്യത്തുടനീളം നടക്കുന്നു. ബീഹാറിലെ റെയിൽവെ സ്റ്റേഷനിൽ നിന്നുൾപ്പടെ പണം കൊള്ളയടിക്കാനും കലാപകാരികൾ ശ്രമിക്കുന്നു. ലക്ഷങ്ങളാണ് രാജ്യത്തിന്റെയും ജനങ്ങളുടെയും പണം കലാപകാരികൾ കൈയ്‌ക്കലാക്കിയത്. നമ്മുടെ പണം കൊണ്ട് ദേശവിരുദ്ധ പ്രവർത്തനങ്ങൾ വീണ്ടും ഊർജ്ജിതമാക്കാൻ അവർക്ക് കഴിയും. ഇങ്ങനെ അഴിഞ്ഞാടുന്ന കലാപകാരികൾക്ക് തണലാകുന്നത് ഈ നാട്ടിലെ നട്ടെല്ലില്ലാത്ത പ്രതിപക്ഷ പാർട്ടികളാണ്. സർക്കാരിനെ കരിവാരി തേക്കാൻ അവർ നിരന്തരം പരിശ്രമം നടത്തുന്നു. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി അവർ രാജ്യവിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയുമടക്കമുള്ള പ്രതിപക്ഷ നേതാക്കൾ അവർക്ക് മേൽ വന്ന ആരോപണങ്ങളെ മറച്ച് പിടിക്കാനും ഏതുവിധേനയും കേന്ദ്രസർക്കാരിനെ തകർക്കാനും ജനങ്ങൾക്ക് സർക്കാരിന് മേലുള്ള വിശ്വാസം എറിഞ്ഞുടയ്‌ക്കാനും കലാപകാരികൾക്ക് കൂട്ടു നിൽക്കുന്നു.
പദ്ധതിയപ്പറ്റി വിശദമായി പഠിക്കാതെ കപട രാജ്യ സ്നേഹവും സൈനിക സ്നേഹവും ഉയർത്തി കലാപത്തിന് കോപ്പുകൂട്ടുന്നവർക്ക് പിന്തുണ നൽകുന്ന പ്രസ്താവനകൾ നടത്തുകയും നിലപാടുകൾ എടുക്കുകയുമാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ചില്ലറയൊന്നുമല്ല കലാപകാരികൾക്ക് അഴിഞ്ഞാടാൻ പ്രേരണനൽകുന്നതും. പൊതുമുതൽ നശിപ്പിക്കുന്നത് ദേശത്തിന്റെ പൊതുതാൽപര്യത്തെ ഹനിക്കുന്നതാണ്. ഇത്തരം തീവ്രവാദ നിലപാടുകൾ ഉൾക്കൊള്ളാൻ രാജ്യത്തെ പൗരൻ എന്ന നിലയിൽ സാധ്യമല്ല. കാലഘട്ടത്തിന് ആവശ്യമായ ഒരു പദ്ധതിയെ, സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന ഒരു പദ്ധതിയെ, രാജ്യത്തെ വലിയ ശതമാനം യുവാക്കളിൽ രാജ്യസ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും വിത്ത് പാകുന്ന ഒരു ബൃഹദ് പദ്ധതിയെ നഖശിഖാന്തം എതിർക്കുന്നത് ഭാരത്തിന്റെയും നമ്മുടെ സൈനിക ശക്തിയുടെയും വളർച്ചയെ ഭയക്കുന്നവരാണ്. അവരെ ഭാരതം കരുത്തുറ്റതാകുന്നത് വല്ലാതെ ഭയപ്പെടുത്തുന്നു. അതിനെ തടുക്കണമെങ്കിൽ രാഷ്‌ട്രത്തിനെതിരായി, ഭാരതത്തെ മുന്നോട്ട് നയിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരായി ജനങ്ങളെ വഴിതിരച്ച് വിടേണ്ടിയിരുന്നു.
കഴിഞ്ഞ നാളുകളിലായി രാജ്യത്ത് ഉയർന്നുവന്ന കലാപങ്ങളിലൊക്കെ തന്നെയും ഒരുപറ്റം സാധാരണക്കാരെ ഉപകരണമാക്കിക്കൊണ്ട് ദേശവിരുദ്ധ ശക്തികൾ അഴിഞ്ഞാടിയിരുന്നു. എന്നാൽ പൂർണ്ണ സമയവും രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി മിഴികൾ പൂട്ടാത്ത കേന്ദ്രസർക്കാർ വേണ്ടവിധത്തിൽ തന്നെ ആ കലാപങ്ങളുടെയൊക്കെ തീ അണിച്ചിരുന്നു. പ്രവാചകനിന്ദ നടത്തിയെന്ന ആരോപണം ഉയർത്തിക്കൊണ്ടുള്ള കലാപത്തിന് തൊട്ടുപിന്നാലെ മുളച്ചു പൊന്തിയ ഈ കലാപത്തിന് പിന്നിലും ദേശവിരുദ്ധ ശക്തികളുടെ കരങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. രാജ്യസേവനം ആഗ്രഹിക്കുന്ന ഒരാൾക്കും രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുവാൻ സാധിക്കില്ല. അതിനാൽ തന്നെ കലാപങ്ങളിൽ അറിഞ്ഞും അറിയാതെയും പങ്കെടുക്കുന്ന ഒരാൾ പോലും രാജ്യത്തിന്റെ അന്തസ്സും കരുത്തും അഭിമാനവും കാത്ത് സൂക്ഷിക്കുന്ന സൈന്യത്തിൽ അംഗമാകാൻ യോഗ്യരുമല്ല. പ്രതിഷേധിക്കാൻ സ്വാതന്ത്ര്യമുണ്ട്; പക്ഷെ കലാപം അഴിച്ചു വിടുന്നത് അത്ര നിഷ്കളങ്കമല്ല. ദേശവിരുദ്ധ ശക്തികളുടെ ചട്ടുകമായി മാറാൻ രാജ്യത്തിന്റെ ഭാവി തലമുറ തലവെച്ചു കൊടുക്കരുത്. അവർക്ക് ഇനിയും അവസരമുണ്ട്. കലാപങ്ങൾക്ക് ആഹ്വാനം നടത്തുന്നവരെ മുഖം നോക്കാതെ തള്ളിക്കളഞ്ഞ് രാജ്യത്തിന്റെ അഭിമാനത്തിന്റെ ഭാഗമാകുകയാണ് വേണ്ടത്. അഗ്നിപഥ് സ്വപ്നം കാണുന്നത് യുവാക്കളുടെ സ്വപ്നം പൂർത്തീകരിക്കുന്ന നാളുകളെയാണ്.
















Comments