ന്യൂഡൽഹി : അമ്മയുടെ നൂറാം ജന്മദിനത്തിൽ പ്രധാനമന്ത്രി പങ്കുവെച്ച വികാരനിർഭരമായ കുറിപ്പ് ചർച്ചയാവുകയാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെയും, വ്യക്തികളെയും പറ്റിയാണ് അദ്ദേഹം കുറിപ്പിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇത് വൈറലായതോടെ പ്രധാനമന്ത്രിയുടെ സുഹൃത്ത് അബ്ബാസിനെ ഉൾപ്പെടെ അന്വേഷിക്കുകയാണ് ജനങ്ങൾ.
എന്നാൽ അബ്ബാസിനെ കണ്ടെത്തിയെന്നാണ് പ്രധാനമന്ത്രിയുടെ സഹോദരൻ പറയുന്നത്. അബ്ബാസ് നിയാഞ്ചിഭായ് രാംസാദ മോമിൻ ഇപ്പോൾ ഓസ്‌ട്രേലിയയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ ഭക്ഷ്യവിതരണ വകുപ്പിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ്. മാസങ്ങൾക്ക് മുൻപ് ജോലിയിൽ നിന്നും വിരമിച്ചു. അബ്ബാസിന്റെ രണ്ട് മക്കളിൽ ഒരാൾ ഗുജറാത്തിലെ മെഹ്‌സാനയിലാണ് താമസിക്കുന്നത്. ഇളയ മകൻ ഓസ്‌ട്രേലിയയിലാണ്. ഇളയ മകനോടൊപ്പം അബ്ബാസും ഇപ്പോൾ സിഡ്‌നിയിലാണ് താമസം.
അബ്ബാസ് തങ്ങൾക്ക് കുടുംബത്തിലെ ഒരാൾ തന്നെയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ സഹോദരൻ പങ്കജ്ഭായ് പറയുന്നു.”ഒരു ദിവസം അഞ്ച് പ്രാവശ്യം നിസ്‌കരിക്കുകയും ഹജ്ജിന് പോകുകയും ചെയ്തിരുന്ന ഒരു നല്ല മനുഷ്യനാണ്. അബ്ബാസിന്റെ അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. അബ്ബാസിന്റെ ഗ്രാമത്തിൽ ഹൈസ്‌കൂൾ ഇല്ലാത്തത് കൊണ്ട് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം പഠനം നിർത്താൻ പോവുകയായിരുന്നു. എന്നാൽ എന്റെ അച്ഛൻ അതിന് അനുവദിച്ചില്ല. അബ്ബാസിനെ ഞങ്ങളുടെ കൂടെ താമസിപ്പിച്ച് പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് അച്ഛൻ, അബ്ബാസിന്റെ അച്ഛനോട് പറഞ്ഞു. തുടർന്ന് അദ്ദേഹം അതിന് സമ്മതിച്ചു. 8, 9 ക്ലാസ്സുകൾ അബ്ബാസ് പൂർത്തിയാക്കി ഞങ്ങളോടൊപ്പം താമസിച്ചുകൊണ്ടാണ്” പങ്കജ്ഭായ് പറഞ്ഞു .
അബ്ബാസിനൊപ്പം കുടുംബം എങ്ങനെയാണ് ഉത്സവങ്ങൾ ആഘോഷിച്ചത് എന്നും പങ്കജ്ഭായ് പറഞ്ഞു. ”എന്റെ സഹപാഠിയായിരുന്ന അബ്ബാസ് ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു. ഉത്സവങ്ങളിൽ അമ്മ അവന് വേണ്ടി പ്രത്യേകം ഭക്ഷണം പാകം ചെയ്യുമായിരുന്നു. മുഹറം ദിനത്തിൽ മുസ്ലീങ്ങൾ കറുത്ത വസ്ത്രം ധരിക്കുമായിരുന്നു. അന്ന് അബ്ബാസ് എന്റെ കറുത്ത ഷർട്ടാണ് ധരിക്കാറുള്ളത് ” എന്നും പങ്കജ്ഭായ് ഓർത്തു.
















Comments