ഡൽഹി: നാല്‍പത്തി നാലാമത് ചെസ് ഒളിംപ്യാഡിന്‍റെ ദീപശിഖാ പ്രയാണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടന്നത്. ആദ്യമായാണ് ഇന്ത്യയിൽ ചെസ് ഒളിംപ്യാഡ്സ് നടക്കുന്നത്. പുതിയ ഇന്ത്യയുടെ യുവത്വം എല്ലാ കായിക ഇനങ്ങളിലും മികവ് പുലർത്തുന്നുവെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പൂർവ്വികർ തലച്ചോറിന്റെ വികസനത്തിനായി ചതുരംഗവും ചെസ്സും കണ്ടുപിടിച്ചുവെന്നും കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യ ചെസിൽ പ്രകടനം വളരെയധികം മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
2024 പാരീസ് ഒളിമ്പിക്സും 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സും സ്വപ്നം കണ്ടുകൊണ്ടാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. അതിനായി കായിക താരങ്ങളെ പരമാവധി സർക്കാർ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ ചെന്നൈയിലാണ് ചെസ് ഒളിംപ്യാഡ്സ് നടക്കുന്നത്. ഒളിംപ്യാഡിന്‍റെ ദീപശിഖാ പ്രയാണം ദില്ലിയില്‍ നിന്ന് തുടങ്ങി രാജ്യത്തെ 75 പട്ടണങ്ങളിലൂടെ സഞ്ചരിച്ച് ജൂലൈ 27ന് മഹാബലിപുരത്തെത്തും. എല്ലാ നഗരങ്ങളിലും ഗ്രാന്‍ഡ് മാസ്റ്റർമാർ ദീപശിഖ ഏറ്റുവാങ്ങും. ശ്രീനഗർ, ജയ്പൂർ, സൂറത്ത്, മുംബൈ, ഭോപ്പാല്‍, പാറ്റ്ന, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, പോർട് ബ്ലെയർ, കന്യാകുമാരി എന്നിവിടങ്ങളില്‍ ദീപശിഖാ പര്യടനം നടക്കുന്നുണ്ട്.
Comments