നോയ്ഡ: ചൈനീസ് ചാരശൃംഖല തകർത്ത് ഗൗതം ബുദ്ധനഗർ പോലീസ്. നോയ്ഡ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. ഘാർബറ വില്ലേജിൽ പ്രവർത്തിച്ചിരുന്ന ഒരു ചൈനീസ് ക്ലബ്ബ് കേന്ദ്രമാക്കി ആയിരുന്നു ഇവരുടെ പ്രവർത്തനം. ഗുരുഗ്രാമിലെ ഹോട്ടൽ റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്.
ചൈനീസ് പൗരൻമാർക്ക് മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്. ഇരുപതോളം ചൈനീസ് പൗരൻമാർ ഇവിടെ അനധികൃതമായി താമസിക്കുന്നുമുണ്ടായിരുന്നു. ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ നിന്നും സശസ്ത്ര സീമാ ബലിന്റെ പിടിയിലായ രണ്ട് ചൈനീസ് പൗരൻമാരിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗൗതം ബുദ്ധനഗർ പോലീസിന്റെ നീക്കം.
പോലീസ് ഓപ്പറേഷന്റെ സൂചനകൾ ലഭിച്ചതോടെ ഇവിടെ നിന്നും ഇരുപതോളം ചൈനീസ് പൗരൻമാർ രക്ഷപെട്ടതായി ഗ്രേറ്റർ നോയ്ഡ ഡെപ്യൂട്ടി കമ്മീഷണർ മീനാക്ഷി വ്യക്തമാക്കി. ആറ് വനിതകളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. കറൻസി നോട്ടുകൾ എണ്ണുന്ന യന്ത്രം ഉൾപ്പെടെ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. നേപ്പാൾ വഴി വ്യാജ കറൻസി കടത്തുന്ന റാക്കറ്റുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുരുഗ്രാമിലെ ഹോട്ടലിൽ നിന്നും പിടിയിലായവർക്കൊപ്പം ഒരു കൊഹിമ സ്വദേശിയും കസ്റ്റഡിയിലായിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുളള ചൈനാ സ്വദേശി സൂ ഫേയിയുടെ പാസ്‌പോർട്ട് 2019 ൽ കാലാവധി തീർന്നതാണ്. പിന്നീട് അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്നു. പിന്നീട് കെലെയ് എന്ന വ്യാജപേരിൽ ഇവർ ഇന്ത്യൻ പാസ്‌പോർട്ട് സംഘടിപ്പിച്ചിരുന്നു. കൊൽക്കത്തയിലെ റീജിണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്നാണ് ഇവർക്ക് പാസ്‌പോർട്ട് നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
















Comments