ഛണ്ഡീഗഡ്: പഞ്ചാബിൽ ദേവീ ക്ഷേത്രത്തിന്റെ കവാടത്തിൽ ഖാലിസ്ഥാനി മുദ്രാവാക്യം. സംഗ്രൂരുവിലെ കാളി ക്ഷേത്രത്തിലെ കവാടത്തിലാണ് സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും നേതൃത്വത്തിലുള്ള റോഡ് ഷോ ഇതുവഴി കടന്നു പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയായിരുന്നു സംഭവം.
ഖാലിസ്ഥാനി ജനഹിതപരിശോധനയുമായി ബന്ധപ്പെട്ടുളള മുദ്രാവാക്യം ആണ് കവാടത്തിൽ എഴുതിയിരുന്നത്. ഇതിനൊപ്പം അടുത്ത വർഷം ജനുവരി 26 ന് ഹിതപരിശോധന നടത്തുമെന്നും എഴുതിയിട്ടുണ്ട്. ഇത് കണ്ട അധികൃതർ വിവരം ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം പെയിന്റ് ഉപയോഗിച്ച് നീക്കം ചെയ്തു. സംഭവം പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപവന്ത് പന്നൂൻ ഖാലിസ്ഥാൻ ജനഹിതപരിശോധന അടുത്ത വർഷം 26 ന് നടക്കുമെന്ന് വ്യക്തമാക്കി സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടത്. പഞ്ചാബിൽ ആംആദ്മി സർക്കാർ അധികാരത്തിലേറിയത് ഖാലിസ്ഥാൻ അനുകൂലികളുടെ സഹായത്തോടെയാണെന്നും പാനുൻ വ്യക്തമാക്കിയിരുന്നു.
നേരത്തെ ജുഡീഷ്യൽ കോംപ്ലക്‌സ് കോർട്ടിലെ സെഷൻസ് ഹൗസിന് മുൻപിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടിരുന്നു.
Comments