ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ എതിർപ്പ് തുടരുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ഉറച്ച് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി കര, നാവിക, വ്യോമ സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് കൂടിക്കാഴ്ച.
മൂന്ന് സേനാ മേധാവികളുമായി വെവ്വേറെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. നാവിക സേന മേധാവി അഡ്മിറൽ ആർ ഹരി കുമാറുമായാണ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച.
അതേസമയം, അഗ്നിപഥ് നിയമനത്തിനായുള്ള വിജ്ഞാപനം മൂന്ന് സേനാവിഭാഗങ്ങളും പുറപ്പെടുവിച്ചു. കരസേന വിജ്ഞാപന പ്രകാരം അടുത്ത മാസം മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി 83 റിക്രൂട്ട്മെന്റ് റാലികളാണ് കരസേന നടത്തുക.
അഗ്നിവീർ നിയമനത്തിന്റെ വിശാലമായ പട്ടിക മൂന്ന് സേനാവിഭാഗങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമങ്ങളിലും പൊതുമുതൽ നശിപ്പിക്കൽ പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന യുവാക്കൾക്ക് നിയമനത്തിന് അവസരം ഉണ്ടാകില്ലെന്ന് സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റ്നന്റ് ജനറൽ അനിൽ പുരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക സേവനത്തിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















Comments