തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവെയ്‌ക്കാൻ വൈകിയ സംഭവത്തിൽ കുറ്റം ആംബുലൻസ് ഡ്രൈവർമാരുടെ തലയിൽ കെട്ടിവെക്കാനൊരുങ്ങി ആശുപത്രി അധികൃതർ. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരേ പോലീസിൽ പരാതികൊടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആംബുലൻസിൽ നിന്നും വൃക്കയടങ്ങിയ പെട്ടി ഓപ്പറേഷൻ തിയേറ്ററിലെത്തിക്കാൻ സഹായിച്ച, ആശുപത്രി പരിസരത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാർക്കെതിരേയാണ് പരാതി നൽകുക.
എറണാകുളത്ത് നിന്ന് വൃക്കയുമായി രണ്ടര മണിക്കൂറിനകം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ശസ്ത്രക്രിയ നാല് മണിക്കൂർ വൈകിയിരുന്നു. ആംബുലൻസിൽ നിന്ന് വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലർ എടുത്ത് അകത്തേക്കു പോയത് ആശയക്കുഴപ്പമുണ്ടാക്കിയതായാണ് ആശുപത്രി അധികൃതരുടെ പരാതി. ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരാണ് അലക്ഷ്യമായി ഇത് കൈകാര്യം ചെയ്തത് എന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ആരോപണം. ഈ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു.
അതേസമയം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതിൽ മെഡിക്കൽ കോളേജ് അദ്ധ്യാപക സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാരെയാണ് സംഭവത്തിൽ സസ്‌പെൻഡ് ചെയ്തത്. എന്നാൽ യഥാർഥ പ്രശ്‌നം ജീവനക്കാരുടെയും മറ്റു പരിമിതികളാണെന്നും ഡോക്ടർമാരെ ബലിയാടാക്കാനാകില്ലെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് അറിയിച്ചു. വിശദമായ അന്വേഷണം നടത്താതെ എടുത്ത നടപടി പിൻവലിക്കണമെന്നും ഇവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
















Comments