ഛണ്ഡിഗഡ്: നാല് വർഷത്തെ രാജ്യസേവനത്തിന് ശേഷം വിരമിക്കുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനവുമായി ഹരിയാന മുഖ്യമന്ത്രി. അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തിൽ നിയമിതരായി നാല് വർഷം പൂർത്തിയാക്കുന്ന ഹരിയാന സ്വദേശികൾക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ ഉറപ്പുനൽകി.
സർക്കാർ ജോലികളിൽ ഗ്രൂപ്പ് സി തൊഴിലുകൾക്ക് അഗ്നിവീറുകൾ അർഹരായിരിക്കുമെന്നും കൂടാതെ പോലീസിലും തൊഴിലവസരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ മുൻതൂക്കം ലഭിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോലി വാഗ്ദാനവുമായി മുഖ്യമന്ത്രിയെത്തിയത്.
നേരത്തെ വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയും അഗ്നിവീറുകൾക്ക് തൊഴിലവസരം നൽകുമെന്ന് അറിയിച്ചിരുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ സൈനിക പരിശീലനം ലഭിച്ച് രാജ്യസേവനം നടത്തിയ യുവതലമുറയെ രാജ്യത്തിന് ആവശ്യമാണെന്നും അത്തരം യുവാക്കൾ എപ്പോഴും ശ്രേഷ്ഠരായിരിക്കുമെന്നും ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.
അഗ്നിവീറുകൾ നേടിയെടുക്കുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കും. പരിശീലനം ലഭിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുകയാണെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.
Comments