ഹോങ് കോങ്: ഹോങ്കോംഗിലെ സഞ്ചാരികളെ ആകര്‍ഷിച്ച് സൗത്ത് ചൈന കടല്‍ തീരത്ത് നിലയുറപ്പിച്ചിരുന്ന പ്രശസ്തമായ കൂറ്റന്‍ ഒഴുകും റെസ്റ്റോറന്റ് വെളളത്തില്‍ മുങ്ങി. അബെര്‍ഡീന്‍ തുറമുഖത്ത് 46 വര്‍ഷമായി നിലയുറപ്പിച്ചിരുന്ന റെസ്റ്റോറന്റ് മാറ്റി സ്ഥാപിക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടം. മാറ്റി സ്ഥാപിക്കാന്‍ കൊണ്ടുപോകുന്നതിനിടെ പാരാസെല്‍ ദ്വീപിന് സമീപം പ്രതികൂല കാലാവസ്ഥയില്‍ റെസ്റ്റോറന്റിനുളളിലേക്ക് വെള്ളം കയറിയാണ് മുങ്ങിയത്. ഒരു യുഗം അവസാനിച്ചു എന്നാണ് ഹോങ്കോംഗിലെ ജനങ്ങള്‍ അപലപിച്ചത്.
സ്ഥാനം മാറ്റുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ വിശകലനം നടത്തുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നതായി റെസ്റ്റോറന്റിന്റെ മാതൃസ്ഥാപനമായ അബെര്‍ഡീന്‍ റെസ്റ്റോറന്‍ഡ് എന്റര്‍പ്രൈസസ് വ്യക്തമാക്കി. 1000 മീറ്ററോളം ആഴമുളള ഭാഗത്താണ് റെസ്റ്റോറന്റ് മുങ്ങിയത്. അതുകൊണ്ടു തന്നെ അത് വീണ്ടെടുക്കാനുളള സാദ്ധ്യത കുറവാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ ചൈന സമുദ്രത്തില്‍ ഒഴുകി നടന്നിരുന്ന ഭക്ഷണശാല വിനോദ സഞ്ചരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. 260 അടി നീളമുള്ള റെസ്റ്റോറന്റ് നാലു ദശാബ്ദമായി മൂന്ന് ദശലക്ഷത്തിലധികം പേരെ സല്‍ക്കരിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞി, ടോം ക്രൂസ് തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.
കൊറോണ പ്രതിസന്ധിമൂലം 2020ല്‍ മാര്‍ച്ചില്‍ റെസ്റ്റോറന്റ് അടച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്നെന്നും 2013 മുതല്‍ റെസ്റ്റോറന്റ് നഷ്ടത്തിലുമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. റെസ്റ്റോറന്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.
1976 ലാണ് ചൈനീസ് കൊട്ടാര മാതൃകയിലുള്ള ഒഴുകുന്ന റെസ്റ്റോറന്‍ഡ് നിര്‍മിച്ചത്. 3.8 ദശലക്ഷം ഡോളര്‍ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. നിര്‍മിതിയിലെ വൈവിദ്ധ്യമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
Comments