ന്യൂഡൽഹി :അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുന്നതായി റിപ്പോർട്ട്. ബാരലിന് 123 ഡോളറായി ഉയർന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുകയായിരുന്നു.ലോകരാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ കൈക്കൊണ്ട നടപടികളും ,ചൈനയിൽ ഉണ്ടായ കൊറോണ പ്രതിസന്ധിയും ഉൾപ്പെടെ വിലയിടിവിന് കാരണമായി .നിലവിൽ 110 ഡോളറിൽ നിൽക്കുന്ന വിപണി വില ഭാവിയിൽ 98 ഡോളറിലേക്ക് താഴാനും സാധ്യത ഉണ്ടെന്ന് വിധഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിർത്തി വച്ചിരുന്നു.ഇതോടെ ഒപെക് രാജ്യങ്ങളെ മറികടന്ന് ഏഷ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉയർത്തുകയും ചെയ്തിരുന്നു.ഇത് ഒപെക് രാജ്യങ്ങൾക്ക് വലിയ തിരിച്ചടി ആയി.ഇതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിഞ്ഞത്.
ജൂലൈ മുതൽ ഓഗസ്റ്റ് വരെ എണ്ണ ഉല്പാദനം 648,000 ബാരലുകളാക്കി ഉയർത്താൻ ഒപെക് രാജ്യങ്ങൽ തീരുമാനിച്ചിരുന്നു. വിലയിടിഞ്ഞ് തുടങ്ങിയതോടെ ഇതും അനിശ്ചിതത്വത്തിൽ ആയിട്ടുണ്ട്. നേരത്തെ തീരുമാനിച്ച 432,000 ബാരലുകളിൽ നിന്നാണ് 648,000 ആയി ഉയർത്താൻ രാജ്യങ്ങൾ തീരുമാനിച്ചിരുന്നത്.സൗദി അറേബ്യ പ്രതിദിന ഉൽപ്പാദനം 10 ലക്ഷം ബാരലാക്കും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിവ് തുടരുകയാണെങ്കിൽ ലോകരാജ്യങ്ങളിലെ ഇന്ധന വിലയിലും മാറ്റമുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന പാകിസ്താൻ, ശ്രീലങ്ക പോലുളള രാജ്യങ്ങൾക്ക് ഇത് ഏറെ ആശ്വാസമേകും. ഇന്ത്യയിലും ഇന്ധന വിലയിൽ ഇത് മാറ്റമുണ്ടാക്കുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധവും ,കൊറോണ പ്രതിസന്ധിയും ക്രൂഡ് ഓയിൽ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില കുറയുന്നത് വിപണന കമ്പനികൾക്ക് ഒരു പരിധി വരെ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. നിലവിൽ ഇന്ത്യൻ പെട്രോളിയം കമ്പനികളുടെ ഓഹരിവില നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. .ബിപിസിഎൽ , എച്ച്പിസിഎൽ എന്നിവ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് എത്തുന്നത്.
















Comments