കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്‌സിനും ഡോക്ടർക്കും നേരെ ആക്രമണവുമായി യുവാക്കൾ. നഴ്‌സ് ശ്യാമിലി, ഡോക്ടർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. എന്നാല്‍ മാസ്‌ക് വയ്‌ക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമണമെന്നാണ് വിവരം.
കമ്പിയും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഫാർമസിയുടെ ചില്ലും മരുന്നുകളും അക്രമികൾ നശിപ്പിച്ചു. ആക്രമണത്തിനെതിരെ കെജിഎംഒ പ്രതിഷേധവുമായി രംഗത്തെത്തി. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം അപലപനീയമാണെന്നും, അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് ആക്രമണത്തിന് പിന്നിൽ. ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
















Comments