കൊച്ചി: കൊച്ചി മെട്രോയ്ക്ക് സമീപമുള്ള വീടുകൾക്ക് ആഡംബര നികുതി വർദ്ധിപ്പിച്ചേക്കും. ലാൻഡ് റവന്യൂ കമ്മീഷണർ ഇത് സംബന്ധിച്ച് വിശദീകരണം തേടി. നികുതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടാണ് ലാൻഡ് റവന്യൂ കമ്മീഷണർ വിശദീകരണം തേടിയിരിക്കുന്നത്.
ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷൻവരെയുള്ള മെട്രോ ലൈനിന് സമീപമുള്ള വീടുകൾക്കാണ് നികുതി വർദ്ധിപ്പിക്കുക. മെട്രോ ലൈനിന്റെ ഇരുവശത്തുമുള്ള ഓരോ കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന വീടുകളും വർദ്ധിപ്പിക്കുന്ന ആഡംബര നികുതി അടയ്‌ക്കേണ്ടി വരും. മുന്നോട്ട് വെച്ചിരിക്കുന്ന നിർദ്ദേശം നടപ്പിലാകുന്നതോടെ ആഡംബര നികുതിയിൽ 2,500 രൂപ വർദ്ധിക്കും.
പുതിയ നികുതി നിരക്ക് അനുസരിച്ച് 278 ചതുരശ്ര മീറ്റർ മുതൽ 464 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്ക് നൽകേണ്ടി വരുന്നത് 7500 രൂപയാണ്. നിലവിൽ നൽകുന്ന നികുതി തുക 5,000 രൂപയാണ്. 464 ചതുരശ്ര മീറ്റർ മുതൽ 695 വരെയുള്ള വീടുകൾ 10,000 രൂപയും അതിനു മുകളിലേക്ക് വിസ്തൃതിയുള്ള വീടുകൾ 12,500 രൂപയും ആഡംബര നികുതിയായി അടയ്‌ക്കേണ്ടി വരും.
Comments