ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ രഹസ്യ താവളം തകർത്തെറിഞ്ഞ് പോലീസ്. കാലഹണ്ടി ജില്ലയിലെ എം റാംപൂരിലെ വനമേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്ന താവളം ആണ് നശിപ്പിച്ചത്. കമ്യൂണിസ്റ്റ് ഭീകരർക്കായി പ്രദേശത്ത് പോലീസ് തിരച്ചിൽ ആരംഭിച്ചു.
രാവിലെയോടെയാണ് കമ്യൂണിസ്റ്റ് ഭീകര താവളം പോലീസ് നശിപ്പിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ആണ് ഭീകരരുടെ താവളം കണ്ടെത്തിയത്. തുടർന്ന് നശിപ്പിക്കുകയായിരുന്നു.
ഇതിനിടെ പോലീസിന് നേരെ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർത്തിരുന്നു. എന്നാൽ പോലീസും തിരിച്ചടിച്ചതോടെ കമ്യൂണിസ്റ്റ് ഭീകരർ ഉൾവനത്തിലേക്ക് ഓടി മറയുകയായിരുന്നു. ഇവർക്കായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.
താവളത്തിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ ബോംബ് നിർമ്മാണ സാമഗ്രികളും താവളത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
അടുത്തിടെ ടാല പിപ്പിലി ഗ്രാമത്തിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച വാഹനങ്ങൾ കമ്യൂണിസ്റ്റ് ഭീകരർ തീയിട്ട് നശിപ്പിച്ചിരുന്നു. ആറ് വാഹനങ്ങളാണ് ഭീകരർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നാലെ കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങൾ പോലീസ് ശക്തമാക്കുകയായിരുന്നു. വരും ദിവസങ്ങളിലും കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു.
Comments