ലക്‌നൗ: ഉത്തർപ്രദേശിലെ ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും റോഹിംഗ്യൻ കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്ത് എൻഐഎ. മ്യാൻമാറിലെ സോവിറ്റ ഫറിക്ക സ്വദേശിയായ ഹബീബുള്ള (19) ആണ് അറസ്റ്റിലായത്. ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ രഹസ്യമായി താമസിച്ചുവരികയായിരുന്നു ഹബീബുള്ള.
ഉത്തർപ്രദേശിൽ റോഹിംഗ്യൻ കുടിയേറ്റക്കാർ തമ്പടിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎയും ഭീകര വിരുദ്ധ സ്‌ക്വാഡുമെല്ലാം ശക്തമായ പരിശോധനയാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മദ്രസയിൽ ഹബീബുള്ള രഹസ്യമായി താമസിക്കുന്നതായി എൻഐഎയ്‌ക്ക് വിവരം ലഭിച്ചത്. ഉടനെ മദ്രസയിൽ പരിശോധന നടത്തുകയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി ഹബീബുള്ള മദ്രസയിൽ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. ഇവിടെ ആറാം ക്ലാസിലാണ് ഹബീബുള്ള പഠിക്കുന്നത്. അതേസമയം റോഹിംഗ്യൻ ആണെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് മദ്രസ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ എങ്ങിനെയാണ് ഇയാൾ രാജ്യത്തേക്ക് കടന്നതെന്നും, ഇവിടെ അഡ്മിഷൻ വാങ്ങി നൽകിയത് ആരെന്നുമുളള കാര്യം ദുരൂഹമാണ്.
വിശദ വിവരങ്ങൾക്കായി എൻഐഎ ഹബീബുള്ളയെ ചോദ്യം ചെയ്തുവരികയാണ്. പ്രധാനമായും രാജ്യത്തേക്ക് എങ്ങിനെ കടന്നു, ആരാണ് ഇതിന് സഹായിച്ചത് തുടങ്ങിയ കാര്യങ്ങൾ ആണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഹബീബുള്ളയിൽ നിന്നും ലഭിച്ച വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല.
ഇതിന് മുൻപും ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും കുടിയേറ്റക്കാരെ പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നും അനധികൃതമായി രാജ്യത്ത് എത്തിയവരെയാണ് പിടികൂടിയത്.
Comments