എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി പോലീസ്. സംഭവത്തിൽ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വർണം കടത്തിയ യുവാവും ഇയാളെ കൊണ്ടുപോകാൻ എത്തിയവരുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 764 ഗ്രാം സ്വർണവും പിടികൂടി.
മഞ്ചേരി സ്വദേശികളായ മുഹമ്മദ് ജൈസൽ, ഹമീദ് നിലമ്പൂർ സ്വദേശികളായ അമീർ, ഷെഫീഖ്, ബിനീഷ് എന്നിവരാണ് പിടിയിലായത്. ഇതിൽ ജൈസൽ ആണ് സ്വർണവുമായി എത്തിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയജൈസലിനെ സംശയം തോന്നിയ പോലീസ് പരിശോധിക്കുകയായിരുന്നു.
സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ജൈസൽ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. എക്‌സ്റേ പരിശോധനയിൽ ഇത് പോലീസ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ നിന്നും കൂട്ടാൻ എത്തിയ നാല് പേരെയും കസ്റ്റഡിയിൽ എടുത്തു. ജിദ്ദയിൽ നിന്നുമാണ് ജൈസൽ സ്വർണവുമായി എത്തിയത്.
അതേസമയം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. 42 ലക്ഷം രൂപ വിലവരുന്ന 815 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കോളയാട് സ്വദേശി നൗഫൽ കസ്റ്റംസ് പിടിയിലായിട്ടുണ്ട്.
















Comments