ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അസമിലേക്ക് ക്ഷണിച്ച് ഹിമന്ത ബിശ്വ ശർമ. വെക്കേഷൻ ചിലവഴിക്കാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി അസമിലേക്ക് വരണമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഉദ്ധവ് കൂടാതെ രാജ്യത്തെ എല്ലാ എംഎൽഎമാരെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോട്ടലുകളിൽ വിമതർ തങ്ങുന്നതിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും ശർമ മറുപടി നൽകി. ”ആളുകൾ അസമിലേക്ക് വരികയും ഞാൻ എല്ലാ ഹോട്ടലുകൾ പൂട്ടിയിടുകയും ചെയ്താൽ അതെങ്ങനെ ശരിയാകും?” അസം മുഖ്യമന്ത്രി ചോദിച്ചു.
”വിമത എംഎൽഎമാർ ഇനിയുമേറെ ദിവസം അസമിൽ തങ്ങുകയാണെങ്കിൽ അത് നല്ല കാര്യമാണ്. അതിനാൽ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അവധി ആഘോഷിക്കാനായി അസമിലേക്ക് വരണം” മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.
അതേസമയം സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന അവകാശവാദത്തിൽ ഉറച്ച് നിൽക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അതിനിടെ നാല് എംഎൽഎമാർ കൂടി ഏകനാഥ് ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേനയുടെ വിമത പക്ഷത്തേക്ക് ചേർന്നു. ഇതോടെ വിമത ക്യാമ്പിലെ അംഗങ്ങളുടെ എണ്ണം 50 ആയി.
Comments