കൊച്ചി: ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിൽ നിന്ന് ജീവനുള്ള പുഴുക്കളെ കിട്ടിയതായി പരാതി. കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്ന് ലഭിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം. അറിയിച്ചു. എന്നാൽ പുഴുക്കൾ അടങ്ങിയ ബിരിയാണി ഹോട്ടലുടമ നശിപ്പിച്ചതായി പരാതിക്കാർ ആരോപിച്ചു.
സ്വകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർക്കാണ് പുഴുവിനെ ലഭിച്ചത്. ഫ്രൈ ചെയ്ത ചിക്കൻ അടർത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടത്. തുടർന്ന് ഇവർ ഹോട്ടൽ അധികൃതരെ അറിയിച്ചു. എന്നാൽ ഭക്ഷണം മാറ്റി നൽകാമെന്നും ബില്ല് നൽകേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടൽ ഉടമ ഇവരെ പറഞ്ഞയക്കുകയായിരുന്നു.
ഇതേസമയം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫീസർ ഉറപ്പുനൽകിയതായി പരാതിക്കാരൻ പറഞ്ഞു. പുഴുക്കൾ അടങ്ങിയ ബിരിയാണി ഹോട്ടൽ ഉടമ നശിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.
തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പരിശോധന നടത്താൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. തുടർന്ന് ഹോട്ടൽ അടപ്പിക്കുന്നതുൾപ്പടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർ പേഴ്സൺ പറഞ്ഞു.
















Comments