മുംബൈ: ഏകനാഥ് ഷിൻഡെ ഉയർത്തി വിട്ട രാഷ്‌ട്രീയ കൊടുങ്കാറ്റിൽ ആടിയുലയുന്ന മഹാരാഷ്‌ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെതിരെ പരിഹാസവുമായി രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിർമാൺ സേന. ‘ഇപ്പോൾ എങ്ങനെ അനുഭവപ്പെടുന്നു?‘ എന്ന ചോദ്യത്തോടെയുള്ള പോസ്റ്ററുകൾ നഗരത്തിൽ പലയിടങ്ങളിലും മഹാരാഷ്‌ട്ര നവനിർമാൺ സേന സ്ഥാപിച്ചു.
മുംബൈയിലെ സാകിനാക മേഖലയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്ന് ഞങ്ങളുടെ നഗര സേവകരെ നിങ്ങൾ കൊണ്ടു പോയി. ഇപ്പോൾ എന്ത് തോന്നുന്നുവെന്നാണ് പോസ്റ്ററുകളിലെ ചോദ്യം.
ഉദ്ധവ് താക്കറെയുടെ അർദ്ധ സഹോദരൻ രാജ് താക്കറെ നേതൃത്വം നൽകുന്ന മഹാരാഷ്‌ട്ര നവനിർമാൺ സേനയും ശിവസേനയും തമ്മിൽ മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ ബലാബലം കാലാകാലങ്ങളായി തുടരുകയാണ്. ഉച്ചഭാഷിണി വിവാദത്തിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കി പ്രതിഷേധിച്ച എം എൻ എസ് പ്രവർത്തകരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, മഹാരാഷ്‌ട്രയിൽ മഹാവികാസ് അഖാഡി സർക്കാർ പതനത്തിന്റെ വക്കിലാണ്. നാൽപ്പതിന് മുകളിൽ എം എൽ എമാരുടെ പിന്തുണ തനിക്കുണ്ട് എന്നാണ് വിമത നേതാവ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്. ഉദ്ധവ് താക്കറെയ്‌ക്ക് ഉറച്ച പിന്തുണ നൽകുമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും എന്നുമാണ് കോൺഗ്രസ്, എൻസിപി നേതാക്കൾ അവകാശപ്പെടുന്നത്.
Comments