മുംബൈ: വിമത നീക്കങ്ങളുടെ ഫലമായി എപ്പോൾ വേണമെങ്കിലും സർക്കാർ വീഴുമെന്ന ഭയത്താൽ ധൃതി പിടിച്ച് ഉത്തരവുകൾ പുറത്തിറക്കി മഹാ വികാസ് അഖാഡി സർക്കാർ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മഹാരാഷ്‌ട്ര സർക്കാർ 238 ഉത്തരവുകളാണ് പുറത്തിറക്കിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഏകനാഥ് ഷിൻഡെ വിമത നീക്കം ആരംഭിച്ച ജൂൺ 20 മുതൽ 24 വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇത്.
പൊതുപ്രവർത്തകൻ അജയ് മാതങ്കർ സമാഹരിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. സർക്കാർ വീഴുമെന്ന ഭയത്താൽ ധൃതി പിടിച്ച് പുറത്തിറക്കിയ ഉത്തരവുകൾ പരിശോധിക്കണമെന്നും അവയിൽ പൊതുജന താത്പര്യാർത്ഥം ഉള്ളവ അല്ലാത്ത ഉത്തരവുകൾ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് മാതങ്കർ, മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരിക്ക് കത്തയച്ചതായും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം മഹാരാഷ്‌ട്ര സർക്കാരിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ശിവസേനയിലെ ഭൂരിപക്ഷം എം എൽ എമാരുടെയും പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട് വിമത നേതാവ് ഏകനാഥ് ഷിൻഡെ അസമിൽ തുടരുന്നു. എല്ലാ തരത്തിലും ഉദ്ധവ് താക്കറെയെ പിന്തുണയ്‌ക്കുമെന്നും, വിശ്വാസ വോട്ടെടുപ്പ് വേണ്ടി വന്നാൽ ഒറ്റക്കെട്ടായി നിൽക്കും എന്നുമുള്ള നിലപാടാണ് എൻസിപി സ്വീകരിച്ചിരിക്കുന്നത്. ഉദ്ധവിന് ഇഷ്ടമുള്ള തീരുമാനം എടുക്കാം എന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.
Comments