മുംബൈ: തങ്ങൾ ശിവസേന വിട്ടിട്ടില്ലെന്നും, പാർട്ടിക്കുള്ളിൽ തങ്ങളാണ് ഭൂരിപക്ഷമെന്നും ശിവസേന ബാലാസാഹബ് നേതാവ് ദീപക് കേസർകർ. ശിവസേനക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തങ്ങളെയും തങ്ങളുടെ നിലപാടുകളെയും അംഗീകരിക്കുകയാണ് ശിവസേന ചെയ്യേണ്ടത്. അല്ലാത്ത പക്ഷം തങ്ങൾ കോടതിയിൽ പോകും. മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി അല്ലെന്നും കേസർകർ വ്യക്തമാക്കി.
ഉദ്ധവ് പക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ച ഷിൻഡെ പക്ഷം ശിവസേന ബാലാസാഹബ് എന്നാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകനാഥ് ഷിൻഡെയെ നേതാവായി ശിവസേന ബാലാസാഹബ് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തു.
56 അംഗ ശിവസേന എം എൽ എമാരിൽ 38 പേരുടെ പിന്തുണ തങ്ങൾക്കുണ്ട് എന്നാണ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ളതിനാൽ, പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്താലും അവരെ അയോഗ്യരാക്കാൻ കഴിയില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ കൂറുമാറ്റ നിരോധന നിയമ പ്രകാരം, ഏതൊരു സാമാജിക സംഘത്തിനും, പാർട്ടിയുടെ ആകെ സാമാജികരുടെ എണ്ണത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുകയോ, മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്യാവുന്നതാണ്.
Comments