ന്യൂഡൽഹി: പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഫ്ലൈയിംഗ് ട്രെയിനിംഗ് സ്കൂളുകളുടെ പ്രവർത്തനം ഡിജിസിഎ താൽക്കാലികമായി വിലക്കി. മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലുമുള്ള ഫ്ലൈയിംഗ് ട്രെയിനിംഗ് സ്‌കൂളുകളുടെ പ്രവർത്തനമാണ് താൽകാലികമായി നിർത്തിവെച്ചത്. വിമാനം പറത്തുന്നതിനായി പരിശീലിപ്പിക്കുന്ന സ്‌കൂളുകളിൽ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഒരിടത്ത് റൺവേ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. റൺവേയുടെ ഉപരിതലം വിമാനം പറത്താൻ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെ സർവീസ് വിലക്കുകയായിരുന്നു.
രണ്ടാമത്തെ പരിശീലന സ്‌കൂളിലെ എയർക്രാഫ്റ്റുകളിലെ ഫ്യൂവൽ ഇൻഡിക്കേറ്റർ തകാറിലാണ്. പ്രവർത്തന രഹിതമായ ഫ്യുവൽ ഗേജുകളോടെയാണ് വിമാനം പറത്താൻ കുട്ടികളെ അനുവദിക്കുന്നത്. ഇത് അവരുടെ ജീവന് തന്നെ ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഡിജിസിഎ സംഘം വിലയിരുത്തി. തുടർന്നാണ് പ്രവർത്തനം നിർത്താൻ നിർദ്ദേശിച്ചത്. മൂന്നാഴ്ചത്തേക്കാണ് ഇവരുടെ വിലക്ക്. അതിനുളളിൽ പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രവർത്തനം പുനരാരംഭിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി നിരവധി പരിശീലന കേന്ദ്രങ്ങൾക്കെതിരെ ഡിജിസിഎ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. വിമാനം പറത്തുന്നതിനായി പരിശീലിപ്പിക്കുന്ന എല്ലാ സ്‌കൂളുകളിലും സേഫ്റ്റി ഓഡിറ്റ് നടത്തണമെന്ന ഡിജിസിഎയുടെ ഉത്തരവ് നടപ്പിലായതിന് പിന്നാലെയാണ് പലയിടത്തും സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. 30 സ്‌കൂളുകളിലാണ് ഇതുവരെ ഓഡിറ്റ് നടത്തിയത്. ഇനിയും രണ്ട് പരീശീലന കേന്ദ്രങ്ങളിൽ കൂടി ഓഡിറ്റ് പൂർത്തിയാവാനുണ്ടെന്ന് ഡിജിസിഎ അറിയിച്ചു.
Comments