ചണ്ഡിഗഢ്: പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി അഴിമതിക്കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ. തന്റെ മകനെ വിജിലൻസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും തന്റെ കൺമുന്നിൽ വെച്ചായിരുന്നു ഈ സംഭവമെന്നും സഞ്ജയ് പോപ്പ്‌ലി പറഞ്ഞു.
തന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അവർ മകന് നേരെ നിറയൊഴിക്കുകയായിരുന്നു. അതേസമയം മകൻ കാർത്തിക് പോപ്പ്‌ലി ആത്മഹത്യ ചെയ്തതാണെന്ന് ആയിരുന്നു പഞ്ചാബ് പോലീസ് അറിയിച്ചത്.
തന്റെ മകനെയും വേലക്കാരിയെയും വിജിലൻസ് വിഭാഗം മാനസീകമായി പീഡിപ്പിച്ചതായും തെളിവുകൾക്കായിട്ടാണ് ഇത്തരം നടപടിയെന്നും സഞ്ജയ് പോപ്പ്‌ലിയുടെ ഭാര്യ ആരോപിച്ചു. ചില പേപ്പറുകളിൽ ഒപ്പിട്ടു നൽകണമെന്നും അല്ലെങ്കിൽ മകന് ദോഷം ചെയ്യുമെന്നും വിജിലൻസ് സംഘം ഭീഷണിപ്പെടുത്തി. മകനെ മുകൾ നിലയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഞങ്ങൾ താഴത്തെ നിലയിലായിരുന്നു. അൽപസമയത്തിന് ശേഷം വെടിയൊച്ച കേൾക്കുകയും ചെയ്തതായി ഭാര്യ പറഞ്ഞു.
അതേസമയം പിതാവിന്റെ ലൈസൻസുളള തോക്ക് ഉപയോഗിച്ച് കാർത്തിക് പോപ്പ്‌ലി സ്വയം വെടിവെയ്‌ക്കുകയായിരുന്നുവെന്നാണ് എസ്എസ്പി കുൽദീപ് ചാഹലിന്റെ വിശദീകരണം. ശനിയാഴ്ച സഞ്ജയ് യുടെ വീട്ടിൽ റെയ്ഡ് നടത്തിയ വിജിലൻസ് സംഘം 12 കിലോ സ്വർണവും 3 കിലോ വെളളിയും നാല് ആപ്പിൾ ഫോണുകളും മറ്റ് സാധനങ്ങളും കണ്ടെടുത്തതായി അറിയിച്ചിരുന്നു.
20 ാം തീയതിയാണ് സഞ്ജയ് പോപ്പ്‌ലിയെ അറസ്റ്റ് ചെയ്യുന്നത്. നവൻഷഹറിൽ അഴുക്കുചാൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് ഒരു ശതമാനം കമ്മീഷൻ (ഏഴ് ലക്ഷം രൂപ) ആവശ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. എന്നാൽ നാല് ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയത്. ഇതിനിടയിലായിരുന്നു മകന്റെ മരണം.
Comments