അമൃത്സർ: പഞ്ചാബ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതിനിധീകരിച്ചിരുന്ന ലോക്‌സഭ മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥി പരാജയപ്പെട്ടു. ശിരോമണി അകാലിദളിന്റെ (അമൃത്സർ വിഭാഗം) സിമ്രാൻജിത് സിംഗ് മൻ ആണ് സംഗ്രൂർ ലോക്‌സഭ മണ്ഡലത്തിൽ വിജയിച്ചത്. എഎപിക്ക് ആകെയുണ്ടായിരുന്ന ലോക്‌സഭ സീറ്റാണ് ഇതോടെ നഷ്ടമായത്.
2014ലും 2019ലും പാർലമെന്ററി സീറ്റ് നേടിയ ഭഗവന്ത് മന്നിന്റെ ശക്തികേന്ദ്രമായാണ് സംഗ്രൂർ അറിയപ്പെട്ടിരുന്നത്. ഇവിടെ തിരിച്ചടി നേരിട്ടത് എഎപിയെ ഞെട്ടിക്കുന്നതാണ്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ ധുരി മണ്ഡലത്തിൽ നിന്ന് വിജയിച്ചതിന് പിന്നാലെ ഭഗവന്ത് മൻ എംപി സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് സീറ്റിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ശക്തികേന്ദ്രം തകർത്തുവാരിയാണ് ശിരോമണി അകാലിദളിന്റെ (അമൃത്സർ വിഭാഗം) സിമ്രാൻജിത് സിംഗ് മൻ വിജയിച്ചത്.
പാർട്ടിക്ക് ഇത് വലിയ വിജയമാണെന്ന് സിമ്രാൻജിത് സിംഗ് പ്രതികരിച്ചു. പാർലമെന്റിൽ നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതിന് സംഗ്രൂരിലെ വോട്ടർമാരോട് നന്ദിയറിയിക്കുകയാണ്. കർഷകർ, കർഷകത്തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി ഈ മണ്ഡലത്തിലെ ഓരോരുത്തരുടെയും കഷ്ടപ്പാടുകൾ പരിഹരിക്കാൻ കഠിനമായി പ്രവർത്തിക്കുമെന്നും സിമ്രാൻജിത് സിംഗ് മൻ പ്രതികരിച്ചു. കടക്കെണിയിലായ കർഷകരുടെ അവസ്ഥയുൾപ്പെടെ സംഗ്രൂരിലെ തകരുന്ന സാമ്പത്തികാവസ്ഥയ്‌ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും സിമ്രാൻജിത് സിംഗ് വ്യക്തമാക്കി.
സംഗ്രൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഒരു സൂചനയാണെന്നും എഎപി സർക്കാരിന്റെ ഡൽഹി മോഡൽ പഞ്ചാബിലെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നാണ് അർത്ഥമാക്കുന്നതെന്നും ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ട്വിറ്ററിൽ പറഞ്ഞു.
2019 ൽ 1.10 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭഗവന്ത് മൻ വിജയിച്ചത്. 2014 ൽ 2.11 ലക്ഷമായിരുന്നു ഭൂരിപക്ഷം.
Comments