മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ, ശിവസേന ഉദ്ധവ് പക്ഷത്ത് നിന്നും കൂടുതൽ പേർ ഷിൻഡെ പക്ഷത്തേക്ക്. മഹാരാഷ്ട്ര ഉന്നത- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദയ് സാമന്ത് ഏകനാഥ് ഷിൻഡെക്കൊപ്പം ചേരാൻ ഗുവാഹത്തിയിൽ എത്തി. ഉദ്ധവ് സർക്കാരിൽ നിന്നും ശിവസേന ബാലാസാഹബിൽ എത്തുന്ന എട്ടാമത്തെ മന്ത്രിയാണ് സാമന്ത്.
56 അംഗ ശിവസേന എം എൽ എമാരിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ തങ്ങൾക്കുണ്ട് എന്നാണ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്. ശിവസേനക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം.
ഉദ്ധവ് പക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ച ഷിൻഡെ പക്ഷം ശിവസേന ബാലാസാഹബ് എന്നാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകനാഥ് ഷിൻഡെയെ നേതാവായി ശിവസേന ബാലാസാഹബ് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
അതേസമയം, ശിവസേന ബാലാസാഹബ് പക്ഷത്തെ എം എൽ എമാരുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. എംഎൽഎമാർക്ക് വൈ പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 15 എംഎൽഎമാർക്കാണ് സുരക്ഷ അനുവദിച്ചത്. സിആർപിഎഫ് സേനാംഗങ്ങൾ ആകും ഇനി മുതൽ ഇവർക്ക് സുരക്ഷയൊരുക്കുക. ഇന്നലെ ഏകനാഥ് ഷിൻഡെയ്ക്കൊപ്പം നിൽക്കുന്ന എംഎൽഎമാർക്കെതിരെ ഉദ്ധവ് താക്കറെ പക്ഷത്തുള്ള പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പുറമേ എംഎൽഎമാരുടെ വീടുകൾ ആക്രമിക്കുന്ന സ്ഥിതിവിശേഷവും സംജാതമായിരുന്നു. ഇതേ തുടർന്നാണ് ഇവർക്ക് വൈ പ്ലസ് സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
Comments