ലക്നൗ: 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖ ഉത്തർപ്രദേശിലെത്തി. തലസ്ഥാന നഗരമായ ലക്നൗവിലാണ് പരിപാടി സംഘടിപ്പിച്ചത്. വിധാൻഭവന് മുന്നിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപം ഏറ്റുവാങ്ങി. ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും പങ്കെടുത്തു. ചെസ്സ് കളിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഖേലോ ഇന്ത്യയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കായിക മത്സരങ്ങളെ ഗ്രാമത്തിൽ നിന്നും സമൂഹത്തിൽ നിന്നും ദേശീയ അന്തർദേശീയ തലത്തിലേക്ക് ഉയർത്താൻ പ്രചോദനം നൽകുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഈ പരിപാടികളിലെല്ലാം തന്നെ ഉത്തർപ്രദേശ് സർക്കാർ പങ്കാളിയാകുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നിയമസഭയ്‌ക്ക് മുന്നിൽ ചെസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് കപൂറാണ് മുഖ്യമന്ത്രിക്ക് ദീപശിഖ കൈമാറിയത്.
പരിപാടിക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയുടെ അഭിമാനമായ വിശ്വനാഥൻ ആനന്ദിനൊപ്പം ചെസ്സ് കളിച്ചു. ഈ ചിത്രങ്ങളിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. 44-ാമത് മത് ചെസ് ഒളിമ്പ്യാഡ് 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിലാണ് നടക്കുന്നത്. ഒളിമ്പ്യാഡിൽ 187 രാജ്യങ്ങളിൽ നിന്നുള്ള 343 ടീമുകളാണ് പങ്കെടുക്കുന്നത്. ഓപ്പൺ വിഭാഗത്തിൽ 189 ടീമുകളും വനിതാ വിഭാഗത്തിൽ 154 ടീമുകളും പങ്കെടുക്കും. 1927 മുതലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 30 വർഷത്തിന് ശേഷം ഇന്ത്യയും, ഏഷ്യയും ആദ്യമായിട്ടാണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇവയ്‌ക്ക് പുറമെ ഒരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷവുമാണ്.
Comments