തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കറുപ്പണിഞ്ഞ് പ്രതിഷേധിക്കുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോവകുയും ചെയ്ത സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ‘ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത’ സംഭവങ്ങളാണ് ഇന്നുണ്ടായതെന്നും അടിയന്തിര പ്രമേയത്തിന് സർക്കാർ നൽകുന്ന മറുപടി കേൾക്കാൻ യുഡിഎഫ് തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം കാണിച്ചത് വല്ലാത്ത അസഹിഷ്ണുതയാണ്. ചോദ്യോത്തരവേള തടസപ്പെടുത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ല. സഭയിൽ ചട്ടവിരുദ്ധമായി പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിക്കാട്ടി. ചട്ടവിരുദ്ധമാണെന്ന് അറിയിച്ചിട്ടും അത് ആവർത്തിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് സ്പീക്കർ സഭ നിർത്തിയത്. ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളുടെ പതിപ്പാണ് സഭയിലും കണ്ടത്. സഭയിൽ എത്തി കാര്യങ്ങൾ പറയാതെ പുറത്ത് വന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നാട്ടിൽ കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ എല്ലാവരും ഗൗരവമായാണ് കണ്ടത്. ആരും അതിനെ ന്യായീകരിച്ചിട്ടില്ല. കൽപ്പറ്റ് അക്രമത്തെ അപ്പോൾ തന്നെ തള്ളിപ്പറഞ്ഞു. സിപിഎം ജില്ലാ-സംസ്ഥാന കമ്മിറ്റികൾ ആക്രമണത്തെ അപലപിച്ചു. എന്നാൽ ഓഫീസ് ആക്രമിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് കലാപന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. വാളയാറിന് അപ്പുറം ഒരു നിലപാട് ഇപ്പുറം മറ്റൊരു നിലപാട് എന്നതാണ് കോൺഗ്രസിന്റെ നയമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ തകർത്തതും, സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയിൽ ഇന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി എംഎൽമാർ കറുപ്പണിഞ്ഞായിരുന്നു എത്തിയത്.
















Comments