തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ രംഗത്ത് വന്നു. മാദ്ധ്യമങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയത് അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. നിയമസഭയുടെ ചരിത്രത്തിൽ ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ഇത് തെറ്റായ പ്രവണതയാണെന്നും വിമർശനം ഉയർന്നു.
മീഡിയ റൂമിൽ ഒഴികെ എല്ലായിടത്തും മാദ്ധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളിൽ പ്രവേശിക്കുന്നത് മാദ്ധ്യമങ്ങൾക്ക് വിലക്കി. ഇതിലൂടെ ജനങ്ങൾക്ക് സംഭവങ്ങൾ അറിയാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടത്. പി.ആർ.ഡി ഔട്ടിലൂടെ നൽകുന്ന ദൃശ്യങ്ങൾ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നു. ഇത് സ്വാതന്ത്ര്യത്തിന് തുരങ്കം വെയ്‌ക്കുന്നതാണെന്നും പത്രപ്രവർത്തക യൂണിയൻ പറയുന്നു.
സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് വിലക്ക് ഏർപ്പെടുത്തിയതിലൂടെ നടപ്പാക്കുന്നതെന്നും പത്രപ്രവർത്തക യൂണിയൻ അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിലക്ക് വാച്ച് ആന്റ് വാച്ച് വാർഡിന് പറ്റിയ തെറ്റാണെന്നുള്ള നിയമസഭാ സ്പീക്കറുടെ ഓഫീസിന്റെ വാദം അംഗീകരിക്കാൻ കഴിയില്ല. ഇതുവരെയില്ലാത്ത എന്ത് സംഭവമാണ് വാച്ച് ആൻഡ് വാർഡിനെ മാദ്ധ്യമപ്രവർത്തകരെ വിലക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിലേയ്‌ക്കും നയിച്ചതെന്ന് സ്പീക്കർ വ്യക്തമാക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ പ്രതികരിച്ചു. വിലക്ക് എത്രയുംവേഗം പിൻവലിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ് എന്നിവർ പറഞ്ഞു.
Comments