ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ബാലാസാഹബ് എം എൽ എമാർക്ക് അയോഗ്യതാ നോട്ടീസ് അയച്ച സംഭവത്തിൽ മഹാരാഷ്‌ട്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മഹാരാഷ്‌ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി തുടങ്ങിയവർക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ഏകനാഥ് ഷിൻഡെയെയും ഒപ്പമുള്ള 15 എം എൽ എമാരെയും അയോഗ്യരാക്കുന്നതായി കാണിച്ച് ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാൾ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ സാധുത ചോദ്യം ചെയ്താണ് ഏകനാഥ് ഷിൻഡെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്.
തനിക്ക് പകരം ശിവസേന നിയമസഭാ കക്ഷി നേതാവായി അജയ് ചൗധരിയെ തിരഞ്ഞെടുത്ത തീരുമാനവും ഹർജിയിൽ ഏകനാഥ് ഷിൻഡെ ചോദ്യം ചെയ്തിരുന്നു. ഇതിൽ അജയ് ചൗധരിക്കും സുനിൽ പ്രഭുവിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ശിവസേനയിലെ മൂന്നിൽ രണ്ട് ഭാഗം എം എൽ എമാരുടെയും പിന്തുണ തങ്ങൾക്കാണെന്നും, അതുകൊണ്ട് തങ്ങൾക്കാണ് പാർട്ടിയിൽ ഭൂരിപക്ഷമെന്നും ഷിൻഡെ പക്ഷം വാദിക്കുന്നു. ഈ സാഹചര്യത്തിൽ, അയോഗ്യതാ നോട്ടീസിന് സാധുത നൽകരുത് എന്നതാണ് ഷിൻഡെയുടെ ആവശ്യം.
ഉദ്ധവ് പക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ച ഷിൻഡെ പക്ഷം ശിവസേന ബാലാസാഹബ് എന്നാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകനാഥ് ഷിൻഡെയെ നേതാവായി ശിവസേന ബാലാസാഹബ് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തു.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ളതിനാൽ, പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്താലും തങ്ങളെ അയോഗ്യരാക്കാൻ കഴിയില്ലെന്ന് ഷിൻഡെ പക്ഷം വ്യക്തമാക്കുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ കൂറുമാറ്റ നിരോധന നിയമ പ്രകാരം, ഏതൊരു സാമാജിക സംഘത്തിനും, പാർട്ടിയുടെ ആകെ സാമാജികരുടെ എണ്ണത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുകയോ, മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്യാവുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Comments