ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് പദ്ധതിയിലേക്ക് ഇന്നലെ വരെ ലഭിച്ച അപേക്ഷകള്‍ 59,960 എന്ന് വ്യോമസേന അറിയിച്ചു. ജൂലൈ 5 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. റിക്രൂട്ട്‌മെന്റ് നടപടികളെക്കുറിച്ചും പരിശീലനത്തെ സംബന്ധിച്ചും സാമ്പത്തിക പാക്കേജിനെ കുറിച്ചും ട്വിറ്ററില്‍ വ്യോമസേന പരാമര്‍ശിച്ചു.
ജൂണ്‍ 24 നാണ് അപേക്ഷകള്‍ സേന സ്വീകരിച്ച് തുടങ്ങിയത്. രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നെങ്കിലും മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് പദ്ധതിയ്‌ക്ക് ലഭിച്ചത്.പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തവരെ സൈനിക പദ്ധതിയില്‍ പ്രവേശിപ്പിക്കില്ലെന്ന് സേന വ്യക്തമാക്കി.
അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 14 നാണ് പ്രഖ്യാപിച്ചത്. 17.5 മുതല്‍ 23 വയസുക്കാര്‍ക്കു വരെ അപേക്ഷിക്കാവുന്നതാണ്. പദ്ധതിയുടെ ഭാഗമായി നാല് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കുമ്പോള്‍ 25% വരെ യുവാക്കളെ സ്ഥിരമായ സേവനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ശേഷിക്കുന്ന 75% പേര്‍ക്ക് സര്‍ക്കാര്‍ പൊതുമേഖലാ ജോലികളില്‍ മുന്‍ഗണന നല്‍കുമെന്നും അറിയിച്ചിരുന്നു.
പദ്ധതിയുടെ പേരില്‍ പത്തു സംസ്ഥാനങ്ങളിലാണ് തീവെയ്പ്പും പ്രതിഷേധങ്ങളും നടന്നത്. വ്യക്തമായ ധാരണ ഇല്ലാതെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ അജണ്ട ഉണ്ടെന്നാണ് വിലയിരുത്തുന്നത്.
Comments