ശുദ്ധമായ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പായ്‌ക്കറ്റ് പാലുകൾ ഉപേക്ഷിച്ച് സ്വന്തമായി കന്നുകാലികളെ വളർത്തി ആവശ്യമായ പാല് ഉത്പാദിപ്പിക്കുന്നത് അത്ര പ്രയാസകരമായ പ്രവൃത്തിയല്ല. വളരെ കുറഞ്ഞ ചിലവിൽ നമുക്ക് തൊഴുത്ത് നിർമ്മിക്കാവുന്നതേയുള്ളൂ. ശുദ്ധമായ പാൽ ലഭിക്കുക എന്നതിനൊപ്പം പ്രകൃതി, ജന്തുജീവി സംരക്ഷണത്തിനുളള പ്രധാന ചുവടുവെയ്പ്പ് കൂടിയാണ് പശു വളർത്തൽ. ഒന്ന് ശ്രദ്ധിച്ചാൽ ആദായകരമായ ഒരു തൊഴിലാക്കാം നമുക്കിത്. അദ്ധ്വാനവും സ്ഥിരോത്സാഹവും നമുക്കിത് ആവശ്യമാണ്. നിത്യേനയുള്ള കറവയും, തീറ്റകൊടുക്കലും, തൊഴുത്തു വൃത്തിയാക്കലുമെല്ലാം ഇതിന്റെ ഭാഗമാണ്.
പശു വളർത്തലിനായി തൊഴുത്ത് നിർമ്മിക്കുന്നതാണ് പലരെയും അലട്ടുന്ന കാര്യം. അധികം പണം ചിലവാക്കാതെ നമുക്ക് തൊഴുത്ത് നിർമ്മിക്കാവുന്നതേയൊള്ളു. തൊഴുത്തിന്റെ വലിപ്പം അതില്‍ കെട്ടാന്‍ ഉദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു പശുവിനാവശ്യമായ നീളം 1.8 മീറ്ററും വീതി 1.2 മീറ്ററുമാണ്. 10 പശുക്കളെവരെ ഒറ്റവരിയായി കെട്ടത്തക്ക രീതിയില്‍ തൊഴുത്ത് ക്രമീകരിക്കാം. പശുക്കളുടെ എണ്ണം പത്തില്‍ കൂടിയാല്‍ അവരെ രണ്ട് വരികളായി കെട്ടുന്നതാണുത്തമം.
മൂന്നോ നാലോ പശുക്കളെ വളര്‍ത്തുന്നതിന് ചെറിയതരം തൊഴുത്ത് നിര്‍മ്മിക്കുന്നതാണ് അഭികാമ്യം. 4.8 മീറ്റര്‍ വീതിയും 8 മീറ്റര്‍ നീളവുമുള്ള ഒരു ഷെഡ് ഇതിനായി പണിയണം. ഏറ്റവും മുന്നിലായി 2.2 മീറ്റര്‍ നീളമുള്ള വരാന്തയും പുല്ലും വയ്‌ക്കോലും സൂക്ഷിക്കുവാനുള്ള ഒരു സ്ഥലവും വേണം. പശു കിടാങ്ങളെ കെട്ടുവാനും സ്ഥലം ഉണ്ടായിരിക്കണം. ചാണകച്ചാലു നിർമ്മിക്കേണ്ടതുണ്ട്. കര്‍ഷകനെ സംബന്ധിച്ചിടത്തോളം വീടിനോട് ചേര്‍ന്ന് ഒരു ചായ്‌പ്‌പോലെ തൊഴുത്ത് നിര്‍മ്മിക്കുന്നതാണ് ലാഭകരം.
സിമന്റ്, കോണ്‍ക്രീറ്റ് ഇട്ടതും തെന്നാത്തവിധമുള്ള തറയാണ് ഉത്തമം. തറയ്‌ക്ക് ചരിവ് നല്‍കുന്നത് വെള്ളം, മൂത്രം എന്നിവ കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകുവാന്‍ സഹായകമാകും. തറയില്‍ സിമന്റ് ഇടുമ്പോള്‍ ലൈനുകള്‍ ഇട്ടും അലുമിനിയം ഗ്രില്ലുകള്‍ പതിപ്പിച്ചും തറ പരുപരുത്തതാക്കിയാല്‍ പശുവിന്റെ കാല്‍ വഴുതി വീഴാതിരിക്കുവാന്‍ സഹായിക്കും. തറയില്‍ വിള്ളലുകളോ കുഴികളോ ഉണ്ടായാല്‍ അവയില്‍ മലിനവസ്‌തുക്കള്‍ അടിഞ്ഞുകൂടി അകിടുവീക്കംപോലുള്ള രോഗങ്ങള്‍ വരാനിടയാകും. വഴുക്കാതിരിക്കാന്‍ റബ്ബര്‍ഷീറ്റുകള്‍ ഇട്ടു കൊടുക്കാവുന്നതാണ്.
മേല്‍ക്കൂരയ്‌ക്ക് താങ്ങായി വര്‍ത്തിക്കുന്ന ഭിത്തികള്‍ ഉരുക്കളെ കാറ്റില്‍നിന്നും രക്ഷിക്കുന്നു. ഇഷ്ടികകൾ കൊണ്ട് ഭിത്തി കെട്ടിപ്പൊക്കുക. മേല്‍ക്കൂരകള്‍ക്കായി ഭിത്തിയില്‍നിന്നും തൂണുകള്‍ കെട്ടിപ്പൊക്കാം. ഓടുകൊണ്ടോ ആസ്‌ബസ്റ്റോസ് കൊണ്ടോ മേല്‍ക്കൂര നിര്‍മ്മിക്കാം. മഴ പെയ്യുമ്പോള്‍ തൊഴുത്തിനുള്ളിലേക്ക് വെള്ളം കയറുന്നത് തടയാന്‍ മേല്‍ക്കൂര ഭിത്തിയില്‍നിന്ന് അത്യാവശ്യം തള്ളി നിർത്തണം.
തൊഴുത്തിനായി സ്ഥലം തെരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വീട്ടില്‍നിന്നും കുറച്ച് അകലെ വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ളതും അല്‍പം ഉയര്‍ന്നതുമായ സ്ഥലമാണ് അനുയോജ്യം, ശുദ്ധജലസ്രോതസ്സുകള്‍ ഒരിക്കലും വറ്റിപ്പോകരുത്, ചാണകവും മൂത്രവും മലിനീകരണം ഉണ്ടാകാത്ത രീതിയില്‍ ശേഖരിച്ചു വെക്കുവാനും ഉപയോഗപ്പെടുത്തുവാനുമുള്ള സൗകര്യം വേണം, നല്ല വായുസഞ്ചാരവും തണലുമുള്ള സ്ഥലമാണുത്തമം. ശ്രദ്ധിച്ച് ഇക്കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ അധിക ചിലവ് ഇല്ലാതെ നമുക്ക് ചെറിയ ഒരു തൊഴുത്ത് പണിയാം.
Leave a Comment