തൃശൂർ : സംസ്ഥാന പാതയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടാമ്പി കൂട്ടുപാത തെക്കേതിൽ മുഹമ്മദ് ഷാഫി (26)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊരട്ടിക്കര മസ്ജിദിന് സമീപത്തായിരുന്നു അപകടം .
യുവാവ് സഞ്ചരിച്ചിരുന്ന കാർ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് കാർ ബസുമായി നേർക്കുനേർ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികൾക്ക് അരികിലേക്കാണ് പാഞ്ഞെത്തിയത്. തുടർന്ന് ഇവർ ഓടി മാറുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കും പരുക്കുകളുണ്ട്.
പത്ത് ദിവസം മുമ്പാണ് അബുദാബിയിൽ ജോലിയുള്ള ഷാഫി നാട്ടിൽ എത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത ദുരന്തം ഉണ്ടായത്.
Comments