ന്യൂഡൽഹി: ഈ വർഷം തന്നെ രാജ്യത്ത് നിന്നും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് പൂർണ്ണമായും ഒഴിവാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പിലാക്കാൻ നടപടികൾ സ്വീകരിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് രാജ്യത്ത് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. നിരോധനം കൃത്യമായി നടപ്പിൽ വരുത്താൻ കൺട്രോൾ റൂമുകൾ തുടങ്ങുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
പരിസ്ഥിതിക്ക് വലിയ തോതിൽ നാശം വരുത്തുന്ന, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനവും, ഇറക്കുമതിയും, ശേഖരണവും, വിതരണവും, വിൽപ്പനയും ഉപയോഗവും ജൂലൈ 1 മുതൽ രാജ്യത്ത് സമ്പൂർണ്ണമായി നിരോധിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ, മലിനീകരണ നിയന്ത്രണത്തിനായുള്ള സുപ്രധാന തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളുകയാണ്. വനം, പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഭുപ്രകൃതിക്കും സമുദ്ര ആവാസവ്യവസ്ഥയ്‌ക്കും ഇത്തരം പ്ലാസ്റ്റിക് ദോഷകരമാണെന്ന് അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഒരു ആഗോള ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ, പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന ഇയർ ബഡുകൾ, ബലൂണുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഭാഗങ്ങൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായികളുടെയും ഐസ്ക്രീമിന്റെയും സ്റ്റിക്കുകൾ, അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് കത്തികൾ, പ്ലേറ്റുകൾ, കപ്പുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ, സ്പൂണുകൾ, ഫോർക്കുകൾ, ട്രേകൾ, പ്ലാസ്റ്റിക് ക്ഷണക്കത്തുകൾ, സിഗററ്റ് പാക്കറ്റുകൾ, നൂറ് മൈക്രോണിൽ താഴെയുള്ള പിവിസി ബാനറുകൾ എന്നിവയുടെ ഉപയോഗം രാജ്യത്ത് സമ്പൂർണ്ണമായി നിരോധിക്കപ്പെടും.
Comments