ഡബ്ലിൻ: ട്വന്റി 20യുടെ എല്ലാ ആവേശവും നിറഞ്ഞു നിന്ന തകർപ്പൻ മത്സരത്തിൽ ഇന്ത്യയോട് പൊരുതി തോറ്റ് അയർലൻഡ്. അവസാന ഓവർ വരെ ആവേശം അലതല്ലിയ മത്സരത്തിൽ 4 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0).
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടി. സെഞ്ച്വറി നേടിയ ദീപക് ഹൂഡയുടെയും അർദ്ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെയും ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ദീപക് ഹൂഡ 57 പന്തിൽ 104 റൺസ് നേടി. സഞ്ജു 42 പന്തിൽ 77 റൺസ് നേടി. ഇഷാൻ കിഷനൊപ്പം സഞ്ജുവാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.
അയർലൻഡിന് വേണ്ടി മാർക്ക് അഡെയ്ർ 3 വിക്കറ്റ് വീഴ്‌ത്തി. ജോഷ്വ ലിറ്റിൽ, ക്രെയ്ഗ് യംഗ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി.
ഇന്ത്യക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയ അയർലൻഡ് നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. അയർലൻഡിനായി പരിചയ സമ്പന്നരായ ബാൽബിർണിയും സ്റ്റിർലിംഗും ഗംഭീര പ്രകടനം കാഴ്ച വെച്ചു. ടെക്ടറും ഡോക്രലും അഡെയറും ഉറച്ച പിന്തുണ നൽകിയപ്പോൾ ഒരു ഘട്ടത്തിൽ അവർ അട്ടിമറി വിജയം നേടും എന്ന് തോന്നിച്ചു. എന്നാൽ പരിച സമ്പത്ത് ഇന്ത്യക്ക് തുണയായതോടെ, ക്യാപ്ടൻ എന്ന നിലയിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം ഹർദ്ദിക് പാണ്ഡ്യ അപരാജിതമാക്കി.
ഇന്നിംഗ്സിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്റ്റിർലിംഗും ബാൽബിർണിയും ചേർന്ന് 5.4 ഓവറിൽ 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 18 പന്തിൽ 40 റൺസ് നേടിയ സ്റ്റിർലിംഗിനെ രവി ബിഷ്ണോയ് പുറത്താക്കി. ആൻഡ്രൂ ബാൽബിർണി 37 പന്തിൽ 60 റൺസ് നേടി. 7 സിക്സറുകൾ അടങ്ങുന്നതായിരുന്നു ബാൽബിർണിയുടെ ഇന്നിംഗ്സ്. ഹാരി ഹെക്ടർ 28 പന്തിൽ 39 റൺസ് നേടി. ജോർജ്ജ് ഡോക്രൽ 16 പന്തിൽ 34 റൺസും മാർക് അഡെയ്ർ 12 പന്തിൽ 23 റൺസും നേടി.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ്, ഉമ്രാൻ മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Comments