ശ്രീനഗർ: രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടക്കുന്ന അമർനാഥ് യാത്രയ്‌ക്കായുളള തീർത്ഥാടകരുടെ ആദ്യ സംഘം ജമ്മുവിലെ ബേസ് ക്യാമ്പിലെത്തി. നാളെയാണ് തീർത്ഥാടനം ആരംഭിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് തീർത്ഥാടകരുടെ ആദ്യ സംഘം ജമ്മുവിൽ എത്തിയത്.
ലഫ്. ഗവർണർ മനോജ് സിൻഹ തീർത്ഥാടകരെ ബേസ് ക്യാമ്പിലേക്ക് യാത്രയാക്കാൻ എത്തിയിരുന്നു. ബസുകളിലാണ് ഇവർ ബേസ് ക്യാമ്പിലേക്ക് തിരിച്ചത്. ഉദംപൂരിലും ബാൽതാലിലും തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണ വിതരണം ഉൾപ്പെടെയുളള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് ബേസ് ക്യാമ്പുകളിലും തീർത്ഥാടകരുടെ താമസത്തിനായി ഡിആർഡിഒ ഹോസ്റ്റലുകളും സജ്ജീകരിച്ചിട്ടുണ്ട്.
റാംബാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. പോലീസ് കൺട്രോൾ റൂമുകൾക്ക് പുറമേ ജോയിന്റ് കൺട്രോൾ റൂമുകളും ഹെൽപ് ലൈൻ നമ്പരുകളും തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകരുടെ ആരോഗ്യ പരിചരണത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി ഭരണകൂടം അറിയിച്ചു.
ഭീകരവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജമ്മു ശ്രീനഗർ ദേശീയ പാതയിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 43 ദിവസം നീണ്ടു നിൽക്കുന്നതാണ് ഇക്കുറി തീർത്ഥാടനം.
Comments