പി.എം. ഭാസ്കരൻ മാസ്റ്ററുടെ ബലിദാനദിനത്തിൽ വീണ്ടും പുസ്തക പ്രകാശനം നടത്തി മകൻ ശ്രീജിത്ത്. ശ്രീജിത്ത് മൂത്തേടത്ത് രചിച്ച ‘പെൻഗ്വിനുകളുടെ വൻകരയിൽ’ എന്ന പരിസ്ഥിതി-ശാസ്ത്ര നോവലിന്റെ പ്രകാശനം യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പ്രകാശനം ചെയ്തു. ഭാസ്കരൻ മാസ്റ്ററുടെ ഭാര്യ ഒ.കെ. നളിനിക്ക് പുസ്തകം നൽകി നിർവ്വഹിച്ചു.
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാണിമേലിൽ ഭാസ്കരൻ മാസ്റ്ററുടെ സ്മരണാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം. കഴിഞ്ഞ വർഷം ജൂൺ 29ന് ‘നിണവഴിയിലെ നിഴലുകൾ’ എന്ന നോവലിന്റെ സമർപ്പണത്തിന് ശേഷം പ്രസിദ്ധീകരിച്ച ശ്രീജിത്ത് മൂത്തേടത്തിന്റെ നാലാമത്തെ പുസ്തകമാണ് പെൻഗ്വിനുകളുടെ വൻകരയിൽ. നോവൽ, ചെറുകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ശ്രീജിത്ത് മൂത്തേടത്ത് പതിനൊന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ചടങ്ങിൽ വെച്ച് പി.എം. ഭാസ്കരൻ മാസ്റ്ററുടെ സ്മരണയ്‌ക്കായി നാമ്പ് മാഗസിൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന്റെ ഫലപ്രഖ്യാപനവും പ്രഫുൽ കൃഷ്ണൻ നിർവ്വഹിച്ചു. നോവലിസ്റ്റ് രാജീവ് ജി ഇടവയുടെ ‘ഇരുൾബാരക്കിലെ അടഞ്ഞ ഒച്ച’ എന്ന നോവലിനാണ് ഈ വർഷത്തെ പുരസ്കാരം. കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സ്മരണാഞ്ജലി ചടങ്ങിൽ ആർ.എസ്.എസ്. ഖണ്ഡ് കാര്യവാഹ് സി. ബാബു മാസ്റ്റർ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് അരൂർ, വിപിൻ ചന്ദ്രൻ, എസ്.ടി. മോർച്ച ജില്ലാ അദ്ധ്യക്ഷൻ അനീഷ്, കെ.ടി.കെ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
















Comments