ജയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ഇസ്ലാമിക തീവ്രവാദികൾ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ യന്ത്ര നിർമ്മാണശാലയായ എസ്‌കെ എൻജിനീയറിംഗ് വർക്ക്‌സ് ഫാക്ടറയിൽ നിന്നാണ് കത്തി കണ്ടെടുത്തത്. ഈ കത്തി പ്രതികൾ തന്നെ നിർമ്മിച്ചതാണെന്ന് എൻഐഎ വ്യക്തമാക്കി.
എസ്‌കെ ഫാക്ടറിയിൽ തന്നെയാണ് കത്തി നിർമ്മിച്ചിരിക്കുന്നത്. ഇതിന് ശേഷം ഇവിടെ നിന്നുമാണ് പ്രതികൾ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകൾ ചിത്രീകരിച്ചിരിക്കുന്നതെന്നും എൻഐഎ അറിയിച്ചു. പ്രതികളുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇവർക്ക് പാക് ബന്ധമുളളതായാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കും. പ്രതികളെ ഡൽഹിയിൽ എത്തിച്ചാകും മൊബൈൽ ഫോണുകൾ പരിശോധിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
പ്രതികളായ മുഹമ്മദ് റിയാസിനും, മുഹമ്മദ് ഗൗസിനും പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായാണ് ബന്ധമെന്നാണ് കണ്ടെത്തൽ. ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോകൾ ഇവർ സ്ഥിരം കണ്ടിരുന്നതായും, മുഹമ്മദ് റിയാസിന് ഭീകരൻ മുജീബുമായി ബന്ധമുള്ളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊബൈൽ വിശദമായി പരിശോധിച്ചാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
Comments