പാലക്കാട്: തക്ക സമയത്ത് ബ്രേക്ക് ചവിട്ടി ഇരുചക്രവാഹന യാത്രികരുടെ ജീവൻ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർക്ക് മോട്ടോർവാഹന വകുപ്പിന്റെ ആദരം. തൃശ്ശൂർ ചിയ്യാരം സ്വദേശി എം.കെ അക്ഷയ് ആണ് സമയോചിതമായ ഇടപെടലിലൂടെ രണ്ട് ജീവനുകൾ രക്ഷിച്ചത്. പാലക്കാട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് അക്ഷയിനെ ആദരിച്ചത്.
ബസിന് മുൻപിലൂടെ അപ്രതീക്ഷിതമായി കടന്ന സ്‌കൂട്ടർ കണ്ട് അക്ഷയ് ബ്രേക്ക് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ഇതേക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർവാഹന വകുപ്പ് ആദരിച്ചത്. ജില്ലാ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇൻസ്‌പെക്ടർ യു. എം അനിൽ കുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കെ. ദേവീദാസൻ, ആർ അനന്ദഗോപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
തൃശ്ശൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്ക് സർവ്വീസ് നടത്തുന്ന സുമംഗലി ബസിലെ ഡ്രൈവറാണ് അക്ഷയ്. ഞായറാഴ്ച തൃശ്ശൂരിൽ നിന്നും കൊഴിഞ്ഞാമ്പറയിലേക്ക് പോകുന്നതിനിടെയാണ് ഇടതുവശം ചേർന്ന് പോകുകയായിരുന്ന ഇരുചക്ര വാഹനം ഇൻഡിക്കേറ്ററുകൾ പോലും ഇടാതെ വലതുവശത്തേക്ക് ബസിന് മുൻപിലൂടെ വെട്ടിച്ചു കയറ്റിയത്. തലനാരിഴയ്‌ക്ക് ബസ് നിൽക്കുന്നതും ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്ന ദമ്പതികൾ ഒന്നുമറിയാതെ പോകുന്നതും ബസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
Comments