ജയ്പൂർ:ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ക്രൂരകൊലപാതകം പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന് അച്ഛനേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സരൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മൈനപുത്തി ഗ്രാമവാസികളായ മൻസൂർ, മകൻ ഷഹ്സാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ മറ്റ് താമസക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഇതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കത്തിക്കാനായി ഇവർ വലിയ തോതിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിനാണ് ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൊലപാതകത്തെ അനുകൂലിച്ചതിന് ആസിഫ് ഖാൻ എന്ന യുവാവിനെ നോയിഡ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കിൽ ഇയാൾ പങ്കുവയ്‌ക്കുകയും, കൊലപാതകത്തെ ന്യായീകരിച്ച് കുറിപ്പ് ഇടുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28നാണ് ഇസ്ലാമിക തീവ്രവാദികൾ കനയ്യലാലിന്റെ കഴുത്തറുത്ത് കൊന്നത്. ഉദയ്പൂരിൽ തയ്യൽ കട നടത്തിവരികയായിരുന്നു കനയ്യ ലാൽ. നുപൂർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ അനുകൂലിച്ചതിന്റെ പേരിലാണ് ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. റിയാസ് അക്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് കൊലപാതകം നടത്തിയത്. അടുത്ത മാസം 13 വരെ പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
















Comments