തിരുവനന്തപുരം: സിപിഎം പ്രവർത്തകരെ തന്നെ സംശയ നിഴലിൽ നിർത്തി എകെജി സെന്റർ ആക്രമണത്തെക്കുറിച്ചുള്ള പോലീസിന്റെ നിഗമനങ്ങൾ. എകെജി സെന്ററിനെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് അക്രമി എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ആക്രമണം നടത്തിയ പ്രതിയ്‌ക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
എകെജി സെന്ററിന് നേരെ പടക്കം എറിയാനും ഇതിന് ശേഷം രക്ഷപ്പെടാനുമായി ഒന്നര മിനിറ്റ് നേരം മാത്രമാണ് അക്രമി എടുത്തിട്ടുള്ളത്. ഈ വേഗതയാണ് ബോംബുൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ എറിയാൻ പരിശീലനം ലഭിച്ചയാളാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്. ബൈക്കിൽ എത്തിയ ആൾ പരിസരം നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പടക്കം മതിലിലേക്ക് എറിഞ്ഞ് മടങ്ങുകയായിരുന്നു.
പടക്കം എറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിന് മുൻപിലെ ഇടറോഡിലൂടെ കടന്നുപോയതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഇത് സംഭവത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന സംശയത്തിന് ബലമേകുന്നുണ്ട്. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.
കുന്നുകുഴി ഭാഗത്തു നിന്നാണ് അക്രമി എത്തിയത്. എകെജി സെന്ററിന് മുൻപിൽ എത്തിയ ശേഷം ബൈക്ക് തിരിച്ച് നിർത്തുന്നു. ഇതിന് ശേഷമാണ് മതിലിന് നേരെ പടക്കം എറിഞ്ഞത്. ഇത് പരിസരത്തെക്കുറിച്ച് കൃത്യമായി അറിയുന്ന ആളാണെന്ന പോലീസിന്റെ സംശയത്തിന് ബലമേകുന്നു. പടക്കമേറിൽ എകെജി സെന്ററിന്റെ മതിലിന് പോലും കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണമാണ് ലക്ഷ്യമിട്ടതെങ്കിൽ നാശനഷ്ടം ഉണ്ടാകുമായിരുന്നു. ഇത് സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണോ എന്ന സംശയവും ഉളവാക്കുന്നുണ്ട്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ഇതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആക്രമണം എന്നാണ് വിലയിരുത്തൽ.
















Comments