സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താനിൽ ഇന്ധന വില വീണ്ടും വൻതോതിൽ വർദ്ധിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ നാലാം തവണയാണ് വില കൂട്ടുന്നതെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. പെട്രോൾ വിലയിൽ 14.84 പാകിസ്താൻ രൂപയുടെ വർധനവുണ്ടായി. അതിവേഗ ഡീസലിന്റെ വിലയ ലിറ്ററിന് 13.23 രൂപ വർദ്ധിച്ചു.
പുതിയ വിലവർധനയനുസരിച്ച് പെട്രോൾ ലിറ്ററിന് 248.74 ഉം ഡീസലിന് 276.54 ഉം വില നിശ്ചയിച്ചതായി പാകിസ്താൻ ധനമന്ത്രാലയം അറിയിച്ചു. മറുവശത്ത് മണ്ണെണ്ണ, ലൈറ്റ് സ്പീഡ് ഡീസൽ വിലകളും വർദ്ധിപ്പിച്ചിട്ടുണ്ട്. മണ്ണെണ്ണ വില 18.83 രൂപ വർധിപ്പിച്ചപ്പോൾ, ലൈറ്റ് സ്പീഡ് ഡീസലിന്റെ നിരക്ക് ലിറ്ററിന് 18.68 രൂപയും കൂട്ടി.
പുതിയ വില ജൂലൈ ഒന്നിന് പുലർച്ചെ രാത്രി 12 മണി മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ ജൂൺ 15ന് സർക്കാർ പെട്രോൾ വില ലിറ്ററിന് 24 രൂപ വർധിപ്പിച്ചിരുന്നു. മെയ് 26 മുതൽ, ഹൈ സ്പീഡ് ഡീസൽ (എച്ച്എസ്ഡി), പെട്രോൾ, മണ്ണെണ്ണ, ലൈറ്റ് ഡീസൽ ഓയിൽ (എൽഡിഒ) എന്നിവയുടെ വില യഥാക്രമം 83 ശതമാനം, 56 ശതമാനം, 73 ശതമാനം, 68.4 ശതമാനം എന്നിങ്ങനെ വർധിച്ചതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതിനിടെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെ കുറ്റപ്പെടുത്തി ധനമന്ത്രി രംഗത്തെത്തി. കൂടുതൽ സബ്സിഡികൾ വഹിക്കാൻ സർക്കാരിന് കഴിയില്ലെന്നും അതിനാൽ വർദ്ധനവ് ആവശ്യമാണെന്നും പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ വ്യാഴാഴ്ച ഇസ്ലാമാബാദിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതിന് പിന്നാലെയാണ് വില വർധിപ്പിച്ചത്. മുൻ സർക്കാരിന്റെ നയങ്ങളെ അദ്ദേഹം വിമർശിക്കുകയും അവ ”രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മോശമാക്കിയതായും” പറഞ്ഞു.
മുൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ ആഘാതം നിലവിലെ സർക്കാരിന് നേരിടേണ്ടിവരുമെന്നും ഇതുമൂലം പെട്രോളിന് 24.3 രൂപ, ഡീസലിന് 59.16 രൂപ, മണ്ണെണ്ണയ്‌ക്ക് 39.49 രൂപ, ലൈറ്റ് ഡീസലിന് 39.16 രൂപ എന്നിങ്ങനെയുള്ള നഷ്ടമാണ് നിലവിൽ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments