വഡോദര: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയോടനുബന്ധിച്ച് വ്യത്യസ്തമായ ആഘോഷവുമായി ഭക്തർ. യന്ത്ര സംവിധാനത്തിൽ പ്രവർത്തിക്കുന്ന രഥം നിർമ്മിച്ചിരിക്കുകയാണ് ഗുജറാത്തിലെ വഡോദര സ്വദേശി ജയ് മാക്വാന.ശാസ്ത്രത്തിന്റെയും പാരമ്പര്യത്തിന്റെയും സംയോജിക്കലാണ് ഈ രഥമെന്ന് മാക്വാന പറയുന്നു. ആധുനിക കാലത്തിന്റെ ആഘോഷമാണിതെന്നും റോബോട്ടിക് രഥത്തിൽ ഭഗവാൻ ഭക്തരെ കാണാൻ എത്തുമെന്നുമാണ് മാക്വാനയുടെ അഭിപ്രായം.
പത്മശ്രീ അവാർഡ് ജേതാവും പ്രമുഖ സാൻഡ് ആർട്ടിസ്റ്റുമായ സുദർശൻ പട്‌നായിക് തന്റെ സ്വദേശമായ ഒഡിഷയിൽ 125 മണൽ രഥങ്ങൾ നിർമ്മിച്ചാണ് ജഗന്നാഥ ഭഗവാനോടുള്ള ആദരം പ്രകടിപ്പിച്ചത്. പുരി തീരത്ത് ജഗന്നാഥ ഭഗവാന്റെ പ്രതിമയും നിർമിച്ചു. ഓരോ വർഷവും പുതിയ രഥങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി നിർമിക്കുന്നത്.
രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭക്തർക്ക് രഥയാത്രയിൽ പങ്കെടുക്കാനുള്ള അനുമതി ലഭിക്കുന്നത്. സുരക്ഷ മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ജഗന്നാഥ ഭഗവാന്റെ രഥം, സുഭ്ര ദേവി, ബലഭദ്ര ഭഗവാൻ എന്നിവരുടെ രഥങ്ങളാണ് രഥയാത്രയിൽ ആരാധകർ വലിക്കുക. സുരക്ഷയുടെ ഭാഗമായി വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. 50 സിസിടിവി ക്യാമറകൾ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
Comments