ന്യൂഡൽഹി : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ സുപ്രീം കോടതി പ്രസ്താവനകൾ നടത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി താലിബാൻ നേതാക്കൾ രംഗത്ത്. താലിബാൻ വക്താവ് സാബിയുള്ള മുജാഹിദാണ് സുപ്രീം കോടതിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. നൂപുർ ശർമ്മയോട് ഒരിക്കലും ക്ഷമിക്കരുതെന്നും അവരെ തൂക്കിക്കൊല്ലണമെന്നും താലിബാൻ നേതാവ് ട്വിറ്ററിൽ കുറിച്ചു.
”ഇന്ത്യക്കാർ ഒരിക്കലും നൂപുർ ശർമ്മയോട് പൊറുക്കരുത്. പ്രവാചകനെ നിന്ദിച്ചതിന് അവരെ തൂക്കിലേറ്റണം” സാബിയുള്ള ട്വിറ്ററിൽ കുറിച്ചു. നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് എഴുതിയിരിക്കുന്ന ഫോട്ടോയിൽ ഒരാൾ ചവിട്ടുന്ന ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഉർദു ഭാഷയിലായിരുന്നു താലിബാൻ നേതാവിന്റെ ട്വീറ്റ്.
നബി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെയുള്ള എഫ്‌ഐആറുകൾ കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നൂപുർ ശർമ്മയ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയത്. നൂപുർ ശർമ്മയുടെ നബി വിരുദ്ധ പരാമർശങ്ങൾ രാജ്യം കത്താൻ കാരണമായെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഒരു ചാനൽ ചർച്ചയിൽ അവർ ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നെന്നും രാജ്യത്തോട് മാപ്പ് ചോദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എന്നാൽ സുപ്രീം കോടതിയുടെ പ്രസ്താവനക്കെതിരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഉദയ്പൂരിൽ നടന്ന സംഭവം ഒരു പ്രകോപനത്തിന്റെയും പ്രതികരണമല്ല, മറിച്ച് ഒരു വിശ്വാസത്തിന്റെയും മാനസികാവസ്ഥയുടെയും അനന്തര ഫലമാണെന്നാണ് പ്രതികരണം. ജിഹാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരിക്കലും ഒരു സ്ത്രീയുടെ മേൽ കെട്ടിവെയ്‌ക്കാനാകില്ലെന്നാണ് പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
Comments