കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാന വാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് വീണ്ടും കടൽ പരീക്ഷണത്തിന് തിരിച്ചു. ശനിയാഴ്ച കൊച്ചിയുടെ തീരത്തു നിന്ന് നാലാം ഘട്ട കടൽ പരീക്ഷണത്തിന് തിരിച്ചതോടെ നാവികസേനയുടെ ഭാഗമാകുന്നതിന്റെ തൊട്ടരികിലാണ് വിക്രാന്ത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി കപ്പൽ കമ്മീഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് നാവികസേന. രാഷ്‌ട്രപതിയും കേന്ദ്രപ്രതിരോധ മന്ത്രിയും അടക്കമുള്ളവർ കൊച്ചിയിലെത്തി കപ്പലിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. അടിസ്ഥാന പരീക്ഷണത്തിന് പിന്നാലെ നടത്തിയ മൂന്ന് സമുദ്രപരീക്ഷണങ്ങളും വിജയകരമായതിന്റെ ആത്മവിശ്വാസത്തിലാണ് വിക്രാന്ത് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നത്.
10 ദിവസത്തിലേറെ വിവിധ പരീക്ഷണങ്ങളുമായി വിക്രാന്ത് കടലിൽ തുടരും. 1500 അംഗ ക്രൂ കപ്പലിലുണ്ട്. കമ്മിഷനിങ്ങിന് മുൻപ് ചെയ്തു തീർക്കേണ്ട ജോലികളിൽ 95 ശതമാനവും പൂർത്തിയായതായാണ് വിവരം. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനവാഹിനി കപ്പൽ രാജ്യത്തിന് സമർപ്പിക്കും. നിലവിൽ ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ (ഐഎസി–1) എന്ന പേരിലാണ് കപ്പൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവസാന ഘട്ട പരീക്ഷണം പൂർത്തിയായാൽ വിമാനവാഹിനി കപ്പൽ കമ്മിഷൻ ചെയ്യും. ഇതോടെ ഔദ്യോഗിക രേഖകളിലും ഐഎൻഎസ് വിക്രാന്ത് എന്ന പേരിലാകും കപ്പൽ അറിയപ്പെടുന്നത്.
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്ത്, ഇന്ത്യ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പലാണ്. ഏകദേശം 23,000 കോടി രൂപയാണ് ചിലവ്. യന്ത്ര ഭാഗങ്ങളുടെ 70 ശതമാനവും, ഉപകരണങ്ങളുടെ 80 ശതമാനവും തദ്ദേശീയമായാണ് നിർമ്മിച്ചിരിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിലെ ഇരുനൂറോളം കമ്പനികൾ നിർമ്മാണത്തിനായി സഹകരിച്ചിട്ടുണ്ട്. ബറാക് 8 സർഫസ് ടു എയർ മിസൈൽ, എകെ–630 ഫുൾ ഓട്ടമാറ്റിക് പീരങ്കി ഇങ്ങനെയുള്ള യുദ്ധ സജ്ജീകരണങ്ങൾ കപ്പലിലുണ്ട്.
Comments